KOYILANDY DIARY

The Perfect News Portal

കോവിഡ്: തയ്യാറെടുപ്പുകൾ 
വിലയിരുത്തി മോക്‌ ഡ്രിൽ ; കർണാടകത്തിൽ തിയറ്ററുകളിലും മറ്റും 
മാസ്‌ക്‌ നിർബന്ധമാക്കി

ന്യൂഡൽഹി: കോവിഡ്‌ അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക്‌ ഡ്രിൽ സംഘടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകൾ, ഓക്‌സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ, ഐസിയു കിടക്കകൾ, ആരോഗ്യപ്രവർത്തകരുടെ എണ്ണം തുടങ്ങിയവ പരിശോധിച്ചു.     അതേസമയം, ബിഹാറിലെ ബോധ്‌ഗയയിൽ എത്തിയ നാല്‌ വിദേശികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

മ്യാന്മറിൽനിന്നും ബാങ്കോക്കിൽനിന്നും എത്തിയ രണ്ടു പേർക്ക്‌ വീതമാണ്‌ രോഗം. കൊൽക്കത്ത വിമാനത്താവളത്തിൽ ദുബായ്‌, കോലാലംപുർ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും കണ്ടെത്തി. കർണാടകത്തിൽ തിയറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മാസ്‌ക്‌ നിർബന്ധമാക്കി. ഡൽഹിയിൽ ആശുപത്രികളിലെ  സൗകര്യങ്ങൾ വരുംദിവസങ്ങളിൽ സർക്കാർ വെബ്‌സൈറ്റുകളിലൂടെ അറിയാം.

Advertisements

ഉത്തർപ്രദേശിൽ ഉന്നാവ്‌, ആഗ്ര എന്നിവിടങ്ങളിലെത്തിയ രണ്ട്‌ വിദേശികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. കോവിഡ്‌ സാഹചര്യങ്ങളെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി. 24 മണിക്കൂറിനുള്ളിൽ 196 കോവിഡ്‌ കേസുകളാണ്‌ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. എന്നാൽ, ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്‌. ഞായറാഴ്‌ചത്തെ കണക്കനുസരിച്ച്‌ 3424 പേരാണ്‌ ചികിത്സയിലുള്ളത്‌.

Advertisements