KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുതിയ ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം ഉടൻ ആരംഭിക്കും

കോഴിക്കോട്: മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ പുതിയ ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം ഉടൻ ആരംഭിക്കും. 40 കിടക്കകളുള്ള അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. ആശുപത്രിക്ക്‌ പടിഞ്ഞാറ് 50 സെന്റിൽ 3600 ചതുരശ്ര മീറ്ററില്‍ മൂന്ന്‌ നില കെട്ടിടം ഉയരും. ഗ്രൗണ്ട് ഫ്ലോറില്‍ റിസപ്ഷന്‍, കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ്‌ ഏരിയ, പ്രീ ആൻഡ്‌ പോസ്റ്റ് സാംപ്ലിങ്‌ ഏരിയ, ഫാര്‍മസി, പരിശോധന മുറി, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, സ്‌ക്രീനിങ്‌ റൂം എന്നിവയുണ്ടാകും.
ഒന്ന്,‌ രണ്ട്‌ നിലകളിൽ ഐസൊലേഷന്‍ മുറികൾ, വാര്‍ഡുകൾ, കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ്‌ ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച് എന്നിവയുണ്ടാകും. കിഫ്ബി സഹായത്തോടെ 34.92 കോടി ചെലവിലാണ് നിർമാണം.
Advertisements
കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധി ചികിത്സിക്കാൻ ഇവിടെ സൗകര്യമുണ്ടാവും. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും 10 കിടക്കകൾ വീതമുള്ള ഓരോ ഐസൊലേഷൻ ബ്ലോക്കുകൾ നിർമിക്കുന്നുണ്ട്. നിർമാണം പൂർത്തിയായ 10 ബ്ലോക്കുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തിരുന്നു. എച്ച്എൽഎല്ലിനാണ്‌ നിർമാണ ചുമതല.