കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പ്രകൃതി സൗഹൃദ സഞ്ചാര പാത നിർമ്മാണം ആരംഭിച്ചു

ഫറോക്ക്: ജൈവ വൈവിധ്യങ്ങളുടെ കലവറയായ കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പ്രകൃതി സൗഹൃദ സഞ്ചാര പാത നിർമ്മാണം ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പ് 1.43 കോടി രൂപ ചെലവഴിച്ചാണ് കമ്യൂണിറ്റി റിസർവിൽ പാതയൊരുക്കുന്നത്. ആദ്യഘട്ടം 200 മീറ്റർ നീളത്തിലും രണ്ടുമീറ്റർ വീതിയിലുമാണ് നിർമാണം.

കടലുണ്ടിപ്പുഴയുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിച്ച് കൈവരിയും വിളക്കുകളും സ്ഥാപിച്ച് മനോഹരമാക്കും. വിനോദസഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ, ആർച്ച് ബ്രിഡ്ജ്, വിശ്രമകേന്ദ്രം, ശുചിമുറികൾ, സ്നാക്ക് പാർക്കുകൾ തുടങ്ങിയവയും നിർമിക്കും. ലാൻഡ് സ്കേപ്പിങ്ങും നടത്തും. കണ്ടൽക്കാടുകൾക്കുള്ളിലൂടെയുള്ള ഇവിടത്തെ തോണിയാത്ര പ്രശസ്തമാണ്.

ഇക്കോ ടൂറിസം കേന്ദ്രവും പക്ഷിസങ്കേതവുമായ ഇവിടെ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ദേശാടന പക്ഷികളുടെ മുഖ്യ താവളവുമാണിവിടം. ഇവിടെ റിസർവ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച് കടലുണ്ടിക്കടവ് പാലംവരെ ഒരു കിലോ മീറ്ററിലേറെ ദൂരത്തിൽ പാതയൊരുക്കാനും പദ്ധതിയുണ്ട്. ഒന്നാം ഘട്ട പ്രവൃത്തിയാണ് ആരംഭിച്ചത്.
