KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌ പതങ്കയത്ത് സുരക്ഷാ ടൂറിസം

കോഴിക്കോട്‌ പതങ്കയത്ത് സുരക്ഷാ ടൂറിസം. അപകടം തുടർക്കഥയായ പതങ്കയം വിനോദസഞ്ചാര കേന്ദ്രത്തിൽ തദ്ദേശീയ പിന്തുണയോടെ സുരക്ഷിത ടൂറിസം പദ്ധതി വരുന്നു. വിനോദസഞ്ചാര വകുപ്പ്‌  കോടഞ്ചേരി പഞ്ചായത്തുമായി ചേർന്ന്‌ ഡെസ്‌റ്റിനേഷൻ ടൂറിസം ചലഞ്ച്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ഇത്‌ നടപ്പാക്കുക. രണ്ടുകോടി രൂപയാണ്‌ ചെലവ്‌. ഇതിൽ 60 ശതമാനം വിനോദസഞ്ചാര വകുപ്പും 40 ശതമാനം പഞ്ചായത്തും വഹിക്കണം.
പതങ്കയത്ത്‌ 10 വർഷത്തിനുള്ളിൽ ഇരുപതോളം വിനോദസഞ്ചാരികൾ മുങ്ങിമരിച്ച സാഹചര്യത്തിലാണ്‌ സുരക്ഷയ്‌ക്ക്‌ മുൻഗണന നൽകി പദ്ധതി നടപ്പിലാക്കുന്നത്. ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ പ്രദേശവാസികൾ ചേർന്ന്‌ കമ്മിറ്റിയുണ്ടാക്കി പങ്കാളിത്ത ഗ്രാമീണ ടൂറിസം മാതൃക വികസിപ്പിക്കും. സന്ദർശകർക്ക്‌ സുരക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും സാധ്യമാക്കും. തൂക്കുപാലങ്ങൾ, ഫെസിലിറ്റേഷൻ സെന്റർ, അന്വേഷണ കൗണ്ടർ, കഫറ്റീരിയ, വിശ്രമകേന്ദ്രങ്ങൾ  തുടങ്ങിയവ നിർമിക്കും. ആദ്യഘട്ടത്തിൽ ‘ടേക്ക്‌ എ ബ്രേക്ക്‌’ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത്‌ 30 ലക്ഷം രൂപ വകയിരുത്തി.
Advertisements
വിശ്രമ മുറിയും കംഫർട്ട്‌ സ്‌റ്റേഷനും ക്ലോക്ക്‌ റൂമും ഉൾപ്പെടെയാണ്‌ നിർമിക്കുക. പദ്ധതിയുമായി സഹകരിക്കുന്നവർക്ക്‌ സുസ്ഥിര വരുമാനം ഉറപ്പാക്കും. ഗ്രാമീണ ഉൽപ്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും വിപണനം ചെയ്യാനും സൗകര്യമൊരുക്കും. പ്രവേശനത്തിന്‌ ടിക്കറ്റ്‌ ഏർപ്പെടുത്തും. പഞ്ചായത്ത്‌ തയ്യാറാക്കുന്ന പദ്ധതി രേഖ ഡെസ്‌റ്റിനേഷൻ ചലഞ്ച്‌ പദ്ധതിക്കു കീഴിലെ വിദഗ്‌ധ കമ്മിറ്റി പരിശോധിച്ചാകും അന്തിമാനുമതി.