KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കം 

ചേമഞ്ചേരി: കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കമായി. ജനങ്ങളെ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയും സിൻകോ റൂറൽ ഫൌണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു ഡിവിഷനിലെ 10 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഭരണഘടനസാക്ഷരത ക്ലാസ്സ്‌ നടത്തും. ഇതിലൂടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ബ്ലോക്ക് ഡിവിഷൻ ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഭരണഘടന മൂല്യങ്ങളെ കുറിച്ചും, പൗരൻമാരുടെ അവകാശങ്ങളെ കുറിച്ചും 
 ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും പ്രാപ്തരാക്കുക,  ബോധവത്കരണം നടത്തുക എന്നതാണ് ലക്ഷ്യം. 50പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു ഒരു വാർഡിൽ 30 ക്ലാസുകൾ സംഘടിപ്പിക്കും. നാലു മാസംകൊണ്ട് പരിശീലനം പൂർത്തിയാക്കും. റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഭരണ ഘടന സാക്ഷരത ഗ്രാമമായി പ്രഖ്യാപിക്കും. എല്ലാ വീടുകളിലും ഭരണ ഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും.
 
വർത്തമാന സാഹചര്യത്തിൽ ഭരണഘടനയെയും അവകാശങ്ങളെയും 
കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. ഡിവിഷൻ ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ യു വി ബാബുരാജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം പി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. 
പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ അതുല്യ ബൈജു ഭരണഘടനയുടെ ആമുഖം വായിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്, വാർഡ് കൺവീനർ എ ടി ബിജു, ടി വി ചന്ദ്രഹാസൻ, പി കെ ഇമ്പിച്ചി അഹമ്മദ്, പി പി. അനീഷ് എന്നിവർ സംസാരിച്ചു.  ഗ്രാമപഞ്ചായത്ത്‌ മെമ്പർ വി ഷരീഫ് മാസ്റ്റർ സ്വാഗതവും വാർഡ് സി ഡി എസ്‌ അംഗം വി തസ്‌ലീന നന്ദിയും പറഞ്ഞു.
Share news