KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാതെ കോൺഗ്രസ്‌ ഒളിച്ചുകളിക്കുകയാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാതെ കോൺഗ്രസ്‌ ഒളിച്ചുകളിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വസിക്കാൻ കൊള്ളാത്ത പാർടിയാണെന്ന്‌ കോൺഗ്രസ്‌ ആവർത്തിച്ച്‌ തെളിയിക്കുകയാണ്‌. നിയമത്തിനെതിരായ പോരാട്ടത്തിൽനിന്ന്‌ ഒരിഞ്ച്‌ പിന്നോട്ടില്ലെന്നും ആർഎസ്എസിന്റെ വർഗീയലക്ഷ്യങ്ങൾക്കു മുന്നിൽ കേരളം മുട്ടുമടക്കില്ലെന്നും എന്ത്‌ ത്യാഗം സഹിച്ചും മുന്നേറുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർലമെന്റിൽ നിയമം പാസാക്കിയപ്പോൾ യോജിച്ച പ്രക്ഷോഭത്തിനാണ്‌ സർക്കാർ നേതൃത്വം നൽകിയത്‌. പ്രതിപക്ഷത്തെയടക്കം വിശ്വാസത്തിലെടുത്ത്‌ മുന്നോട്ടുപോയി. നിയമം പിൻവലിക്കണമെന്ന്‌ നിയമസഭ പ്രമേയം പാസാക്കി. ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായ കോൺഗ്രസ് വളരെപ്പെട്ടന്ന്‌ ചുവടുമാറ്റി. പ്രമേയം പാസാക്കിയതുകൊണ്ട് കേന്ദ്രനിയമം ഇല്ലാതാകില്ലെന്ന്‌ അന്നത്തെ കെപിസിസി പ്രസിഡന്റ്‌ പരിഹസിച്ചു. യോജിച്ച പ്രക്ഷോഭത്തിനില്ലെന്നായി പിന്നീട്‌. സമരത്തിനിറങ്ങിയ കേരള ജനതയോടുള്ള വെല്ലുവിളിയായിരുന്നു ഇത്‌. ഇടതുപക്ഷവുമായി ചേർന്ന്‌ പോരാട്ടത്തിനിറങ്ങിയവർക്കെതിരെ പാർടിതല നടപടിയുമെടുത്തു.

 

മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവർ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു. സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരടക്കം ഡൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ബില്ലിനെതിരെ കേരളത്തിൽനിന്ന്‌ ലോക്‌സഭയിൽ ശബ്ദമുയർത്തിയത്‌ എ എം ആരിഫ്‌ മാത്രമായിരുന്നു. സാങ്കേതികമായി പ്രതികരിച്ചെന്നുവരുത്തി കോൺഗ്രസ്‌ എംപിമാർ മൂലയ്‌ക്കിരുന്നു. ഡൽഹിയിൽ ജനകീയ പ്രക്ഷോഭം കനത്തപ്പോഴും ഇവരെ കണ്ടില്ല.

Advertisements

 

ഷഹീൻ ബാഗ്‌ സമരത്തിനെതിരായ അക്രമത്തിൽ സംരക്ഷണ കവചമൊരുക്കിയത്‌ ഇടതുപക്ഷ എംപിമാരും നേതാക്കളുമാണ്‌. കുറ്റകരമായ മൗനമായിരുന്നു കോൺഗ്രസിനപ്പോൾ. സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ച സീതാറാം യെച്ചൂരിയുടെ പേര്‌ പൊലീസ്‌ കുറ്റപത്രത്തിലുൾപ്പെടുത്തി.  ഒരു കോൺഗ്രസ്‌ നേതാവിന്റെ പേരുപോലും അതിലില്ലായിരുന്നു. 

 

നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത്‌ രണ്ടുദിവസമായിട്ടും കോൺഗ്രസിന് ഔദ്യോഗിക നിലപാട്‌ പറയാനായിട്ടില്ല. രാഹുൽ ഗാന്ധി വിഷയം അറിഞ്ഞതായി ഭാവമില്ല. ഉറച്ച ശബ്ദത്തിൽ നിലപാട് പറയാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കുമായിട്ടില്ല. ഇത്രകാലം കാത്തുനിന്നത്‌ എന്തിനെന്നാണ്‌ കെ സി വേണുഗോപാൽ ചോദിച്ചത്‌. നിയമം നടപ്പാക്കുന്നതിലല്ല, തെരഞ്ഞെടുത്ത സമയത്തിൽ മാത്രമാണ്‌ കോൺഗ്രസിന്റെ പ്രശ്‌നമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നെന്നും മുഖ്യ മന്ത്രി പറഞ്ഞു.