KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌ അര ബിജെപിയായി; എം എ ബേബി

പാലക്കാട്‌: കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌ അര ബിജെപിയായിട്ടാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. എൽഡിഎഫ്‌ ആലത്തൂർ പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കോൺഗ്രസ്‌ നാളെ ബിജെപിയാകില്ലെന്ന്‌ ഒരു ഉറപ്പുമില്ല. പാർലമെന്റിൽ മൂന്നിലൊന്ന്‌ ബിജെപി അംഗങ്ങളും മുമ്പ്‌ കോൺഗ്രസ്‌ നേതാക്കളായിരുന്നു. 13 മുൻ മുഖ്യമന്ത്രിമാരും കൂട്ടത്തിലുണ്ട്‌. ഏതുസമയവും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ്‌ കോൺഗ്രസുകാർ.

ഇടതുപക്ഷ വികസന നയത്തെ എതിർക്കുകയാണ്‌ അവരുടെ നയം. കേന്ദ്ര അവഗണനയ്‌ക്കെതിരെ 18 യുഡിഎഫ്‌ എംപിമാരും പാർലമെന്റിൽ മിണ്ടിയില്ല. ഇവർ മിണ്ടാത്തതുകൊണ്ടാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം ഡൽഹിയിൽ പോയി സമരം നടത്തേണ്ടിവന്നത്‌. കേരളം ഉയർത്തുന്ന സാമ്പത്തിക ആവശ്യങ്ങൾ ന്യായമാണെന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. കേന്ദ്രം പാസാക്കിയെടുത്ത ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ സുപ്രീകോടതി പറഞ്ഞു. 16,000 കോടി അഴിമതിയുടെ വലിയ ഭാഗവും ബിജെപിയുടെ പോക്കറ്റിലേക്ക്‌ പോയി.

 

ഇലക്‌ടറൽ ബോണ്ടിനെതിരെ കേസുകൊടുത്തത്‌ ഇടതുപക്ഷം മാത്രമാണ്‌. കോഴപ്പണം കൈകാര്യം ചെയ്‌ത എസ്‌ബിഐ മാർച്ച്‌ ആറിനുമുമ്പ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കണക്ക്‌ കൊടുക്കണമെന്നായിരുന്നു കോടതിവിധി. ജൂൺവരെ സമയം ആവശ്യപ്പെട്ട്‌ എസ്‌ബിഐ കോടതിയിൽ സത്യവാങ്‌മൂലം നൽകി. തെരഞ്ഞെടുപ്പിനുമുമ്പ്‌ ഈ വസ്‌തുതകളൊന്നും പുറത്തുവരരുതെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. സുപ്രീംകോടതി നിർദേശങ്ങളെ ലംഘിക്കുന്ന സർക്കാരായി മോദി സർക്കാർ മാറി. പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്നതാണ്‌. പാർലമെന്റിൽ രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോൽ സ്ഥാപിച്ചത്‌ ആഭാസമാണ്‌. ഒരു തവണകൂടി അധികാരത്തിൽ വന്നാൽ മനുസ്‌മൃതിയും അവർ സ്ഥാപിക്കുമെന്ന്‌ എം എ ബേബി പറഞ്ഞു.

Advertisements