KOYILANDY DIARY

The Perfect News Portal

കോൺഗ്രസിനും ബിജെപിക്കും കർഷക വിരുദ്ധതയുടെ കാര്യത്തിൽ ഒരേ നയം; മുഖ്യമന്ത്രി

കോൺഗ്രസിനും ബിജെപിക്കും കർഷക വിരുദ്ധതയുടെ കാര്യത്തിൽ ഒരേ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസിയാൻ കരാറിൽ അതാണ് കണ്ടത്. റബ്ബർ കർഷകരുടെ തകർച്ച പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആസിയാൻ കരാറാണ് റബ്ബർ കർഷകരുടെ തകർച്ചക്ക് കാരണം. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് രണ്ടാം യു പി എ സർക്കാർ നടപ്പാക്കാതിരുന്നത് കുത്തകകളെ സഹായിക്കാനാണ്.

താങ്ങുവില നിശ്ചയിക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിച്ചതിന് കുറ്റസമ്മതം നടത്തണം. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ബി ജെ പി സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്ത വോട്ടറന്മാർ വലിയ മനോ ദു:ഖത്തിലാണ്. എൽ ഡി എഫിനോട് എതിർപ്പ് ഉള്ളതുകൊണ്ടായിരുന്നില്ല കോൺഗ്രസിന് വോട്ട് ചെയ്തത്. ബി ജെ പി യെ ഭരണത്തിൽ നിന്നും പുറത്താക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് വോട്ടന്മാർ കരുതി.

 

രണ്ടാം മോദി സർക്കാർ ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ തുടങ്ങി. പൗരത്വ നിയമ ഭേദഗതി അതിൻ്റെ ഭാഗമാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നു. ലോകം അപലപിച്ചു. രാജ്യത്ത് പ്രതിഷേധം അലയടിച്ചു. ദേശീയ നേതാക്കൾ അറസ്റ്റിലായി. അതിൽ ഒറ്റ കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നില്ല. എന്തിനാണ് കോൺഗ്രസ് സമരങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നത്.

Advertisements

 

പ്രക്ഷോഭകർക്ക് സംരക്ഷണം നൽകാൻ ഓടിയെത്തിയത് ദില്ലിയിൽ ഇടത് നേതാക്കളാണ്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മിണ്ടാത്തത്. നടപ്പാക്കില്ല എന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രകടനപത്രികയില്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് വസ്തുതാവിരുദ്ധമാണ്. അതാണ് മനോരമയും ഏറ്റുപിടിച്ചത്. ഒരക്ഷരം പറയുന്നില്ല എന്നതാണ് വസ്തുത എന്നും അദ്ദേഹം പറഞ്ഞു.