KOYILANDY DIARY

The Perfect News Portal

മേപ്പയൂർ ടൗണിൽ മുസ്ലിംലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം

മേപ്പയൂർ ടൗണിൽ മുസ്ലിംലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്‌ കേസിലെ പ്രതിയെ സിപിഐ എം ഒളിവിൽ പാർപ്പിച്ചെന്നാരോപിച്ച് മേപ്പയൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ്‌ പത്തോളം ലീഗുകാർ തമ്മിലടിച്ചത്‌. സലഫി ക്യാമ്പസിൽ വാഹനങ്ങൾ കത്തിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകരെ പ്രതികളാക്കാൻ നേതൃത്വം ശ്രമിക്കുന്നുവെന്നാരോപിച്ച്‌ മേപ്പയൂരിൽ ലീഗിനകത്ത്‌ ചേരിപ്പോര്‌ നടക്കുകയാണ്‌. ഇതേ ചൊല്ലിയാണ്‌ മാർച്ചിനുശേഷം ഇരുവിഭാഗവും ഏറ്റുമുട്ടിയത്‌.
2014 ഫെബ്രുവരി രണ്ടിന് അർധരാത്രിയാണ് മേപ്പയൂർ സലഫി ക്യാമ്പസിൽ നിർത്തിയ മൂന്ന് സ്‌കൂൾ ബസ്സും ജീപ്പും തീവച്ച്‌ നശിപ്പിച്ചത്. ക്യാമ്പസിലുണ്ടായിരുന്ന കാറിന്റെ ഗ്ലാസും തകർത്തു. 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അന്തരിച്ച എ വി അബ്ദുറഹിമാൻ ഹാജിയുടെ മകനും ലീഗ് നേതാവുമായ എ വി അബ്ദുള്ളയാണ് സലഫി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി.
Advertisements
കോളേജിൽ അതിക്രമം കാട്ടിയ എംഎസ്എഫുകാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്‌ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകരാണ് തീവച്ചതെന്ന്‌ ആരോപണമുയർന്നിരുന്നു. കേസ്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്‌. പ്രതികൾ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ലീഗിനകത്ത് പൊട്ടിത്തെറി രൂക്ഷമാണ്. തർക്കം ഏറ്റുമുട്ടലിൽ എത്തുമെന്ന്‌ ഭയന്ന് എ വി അബ്ദുറഹ്മാൻഹാജി അനുസ്മരണം സംഘടിപ്പിക്കാൻ ഉൾപ്പെടെ ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. സലഫി മാനേജ്മെന്റാണ് അനുസ്മരണം സംഘടിപ്പിച്ചത്.