KOYILANDY DIARY

The Perfect News Portal

വികസനഫണ്ട് വിനിയോഗത്തിൽ ഒന്നാമതെത്തിയ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിനുള്ള ഉപഹാരം കളക്ടർ എ. ഗീത സമ്മാനിച്ചു

കൊയിലാണ്ടി: വികസനഫണ്ട് വിനിയോഗത്തിൽ ഒന്നാമതെത്തിയ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിനുള്ള ഉപഹാരം കളക്ടർ എ. ഗീത സമ്മാനിച്ചു. വികസന ഫണ്ടിൽ 110.5 ശതമാനം തുകയാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശിയുടെ സാന്നിദ്ധ്യത്തിൽ കളക്ടർ എ. ഗീതയിൽ നിന്ന് പ്രസിഡണ്ട് ഷീബ മലയിൽ, സെക്രട്ടറി എൻ. പ്രദീപൻ എന്നിവർ ചേർന്ന് പഞ്ചായത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങി.

2022-23 വാർഷിക പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് നടപ്പാക്കിയത്. സാമ്പത്തിക പരിമിതി മറികടക്കാൻ വികസനനിധി രൂപവത്കരിച്ചാണ് പ്രധാനപ്പെട്ട പദ്ധതികൾക്ക് തുക കണ്ടെത്തിയത്. ജലജീവൻ മിഷൻ പദ്ധതി കുടിവെള്ള ടാങ്കിന് 17  സെൻ്റ് സ്ഥലം, ജവാൻ സുബിനേഷ് സ്മാരക കെട്ടിടത്തിനുള്ള സ്ഥലമെടുപ്പ്. അരങ്ങാടത്ത് അങ്കണവാടിക്കുള്ള സ്ഥലവും ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്റർ വിപുലീകരണത്തിനുള്ള സ്ഥലവും ഈ പദ്ധതിയിൽ ഉൾപെടുത്തിയാണു വാങ്ങിയത്.
പൊക്കേരി അങ്കണവാടി കെട്ടിടനിർമാണം, എം.സി.എഫിന് കെട്ടിടം, വഴിയോര വിശ്രമകേന്ദ്രം, പഞ്ചായത്ത് ഇ.എം.എസ്. ഹാൾ നവീകരണം, എൽ.ഇ.ഡി. തെരുവുവിളക്ക് സ്ഥാപിക്കൽ, ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ ഗുഡ്സ്, ആയമ്പത്ത് കോളനി നവീകരണം ഒന്നാം ഘട്ടം, വെങ്കറോളി കോളനി ഡ്രൈനേജ്, ലൈഫ് ഭവൻപദ്ധതി, ചേലോടെ ചെങ്ങോട്ടുകാവ് പദ്ധതി, വയോകാന്തി, അജൈവ മാലിന്യ സംസ്കരണത്തിനുള്ള ഭാഗമായി സ്മാർട്ട് ഗാർബേജ് അപ്പ് പദ്ധതി എന്നിവയെല്ലാം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എറ്റെടുത്തിരുന്നു.
Advertisements
ഭരണസമിതി ആസൂത്രണസമിതി, വർക്കിങ്ങ് ഗ്രൂപ്പുകൾ, നിർവഹണ ഉദ്യോഗസ്ഥർ പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും യോജിച്ച പ്രവർത്തനമാണ് അഭിമാനകരമായ നേട്ടത്തിന് അർഹമാക്കിയതെന്ന് പ്രസിഡണ്ട് ഷീബമലയിൽ പറഞ്ഞു.