KOYILANDY DIARY

The Perfect News Portal

കോട്ടയത്ത്‌ സ്വകാര്യ കണക്ഷൻ നൽകാൻ സജ്ജമായി കെ ഫോൺ

കോട്ടയം: സംസ്ഥാനത്തിൻറെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ അടുത്ത ചുവടു വയ്‌പിലേക്ക്‌. സർക്കാർ സ്ഥാപനങ്ങൾക്കും ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ പദ്ധതിയിൽ  സംസ്ഥാനത്തൊട്ടാകെ  ഈ മാസം 10,000 പേർക്ക് കണക്ഷൻ നൽകാനാണ് തീരുമാനം. അതനുസരിച്ച് ജില്ലയിൽ 750 – 1000 പേർക്ക് കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാകും.
പ്രാദേശിക കേബിൾ  ടിവി ഓപറേറ്റർമാർ വഴിയാണ്‌ സ്വകാര്യ വ്യക്തികൾക്ക് കണക്ഷൻ നൽകുന്നത്‌. സംസ്ഥാനത്ത് 924 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലാണ്. പൂർത്തിയായാൽ ഉടൻ സ്വകാര്യ കണക്ഷൻ നൽകി തുടങ്ങും. ബിപിഎൽ കുടുംബങ്ങൾക്ക്  കണക്ഷൻ ലഭ്യമാക്കുന്നതിൻറെ കരാർ കേരളവിഷനാണ്‌.
ജില്ലയിൽ ഇതുവരെ 312 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി കെ ഫോൺ കണക്ഷൻ നൽകി. സ്‌കൂളുകൾ അടക്കം 1250 സർക്കാർ സ്ഥാപനങ്ങൾക്കും കണക്ഷൻ ലഭ്യമാക്കി.  പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ഏതാണ്ട് പൂർത്തിയായി. 24 പിഒപിയും പൂർത്തീകരിച്ചു. രണ്ടായിരത്തിലേറെ കിലോമീറ്റർ കേബിളും സ്ഥാപിച്ചു. സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം പൂർണമായും കെ ഫോൺ ആണ് നിർവഹിക്കുന്നത്.
രണ്ടാംഘട്ടത്തിൽ പദ്ധതിയിൽ നിന്ന് സർക്കാരിന്‌ വരുമാനം ലഭിച്ചു തുടങ്ങും. വ്യവസായ സ്ഥാപനങ്ങൾക്ക്‌ പ്രത്യേക കണക്ഷനുകളും മൾട്ടി പ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് നെറ്റ്‌വർക്കും ലഭ്യമാക്കും. സ്വകാര്യ സേവനദാതാക്കൾ എത്താത്ത സ്ഥലങ്ങളിൽ കെ ഫോണിന്‌ നെറ്റ്‌ വർക്ക് ഉള്ളതിനാൽ പാട്ടം ഇനത്തിലും വരുമാനം ലഭിക്കും.