KOYILANDY DIARY.COM

The Perfect News Portal

കാലാവസ്ഥ വ്യതിയാനം; കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

കാലാവസ്ഥ വ്യതിയാനം മൂലം കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി മത്സ്യതൊഴിലാളികള്‍. 15 സെന്‍ന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി കേരള തീരത്തുനിന്നും അപ്രത്യക്ഷമായതോടെ വിലയും ഗണ്യമായി കുറഞ്ഞു. 2023 അവസാനം മുതല്‍ 2024 ഏപ്രില്‍വരെ ഉണ്ടായ സമുദ്രോഷ്ണ തരംഗമാണ് മത്തിയുടെ എണ്ണത്തില്‍ കുറവ് ഉണ്ടാക്കിയത്.

വര്‍ഷാവര്‍ഷങ്ങളിലെ പല പ്രതിഭാസങ്ങളും മത്തിയുടെ പ്രജനനത്തെയും വളര്‍ച്ചയെയും ബാധിക്കാറുണ്ട്. പ്രാദേശികമായും വ്യതിയാനങ്ങള്‍ കാണാറുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ 14 മുതല്‍ 18 സെൻ്റി മീറ്റര്‍വരെയാണ് മത്തിയുടെ വലുപ്പം. വടക്കന്‍ ജില്ലകളില്‍ ഇത് 12 മുതല്‍ 14 സെൻ്റി മീറ്റര്‍വരെയാണ്.

 

കേരളതീരത്ത് മത്തി അപ്രത്യക്ഷമാകല്‍ പതിവാണെന്നും പക്ഷേ, വളര്‍ച്ചാമുരടിപ്പ് ഇതാദ്യമാണെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. വലിയ മത്തിക്ക് കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 200 മുതല്‍ 300 രൂപവരെയാണ് വില ലഭിച്ചിരുന്നത്. ശരാശരി 100 ഗ്രാം ഉണ്ടായിരുന്ന ഒരു മത്തി ഇപ്പോള്‍ 25 ഗ്രാം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യതിയാനം കാലക്രമേണ മാറി, അനുകൂല കാലാവസ്ഥയും സുസ്ഥിര മീന്‍പിടിത്തരീതികളും ഒത്തുവന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധാരണ രീതിയില്‍ മത്തി ലഭ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു.

Advertisements
Share news