KOYILANDY DIARY.COM

The Perfect News Portal

ഉരുൾപൊട്ടി തകർന്ന സ്കൂളുകളിലെ കുട്ടികൾക്ക് സെപ്തംബർ രണ്ടുമുതൽ ക്ലാസ് ആരംഭിക്കും

കൽപ്പറ്റ: ഉരുൾപൊട്ടി തകർന്ന സ്കൂളുകളിലെ കുട്ടികൾക്ക് സെപ്തംബർ രണ്ടുമുതൽ ക്ലാസ് ആരംഭിക്കും. വെള്ളാർമല ജിവിഎച്ച്എസ്എസ്‌, മേപ്പാടി ജിഎച്ച്എസ്എസിലും മുണ്ടക്കൈ ഗവ. എൽപി മേപ്പാടിയിലെ എപിജെ ഹാളിലുമായാകും പ്രവർത്തനം ആരംഭിക്കുക. വെള്ളാർമലയിലെ 552 കുട്ടികളാണ്‌ മേപ്പാടിയിലേക്ക്‌ എത്തുന്നത്‌. ഇവർക്കായി 12 ക്ലാസ്‌ മുറി, ഐടി ലാബ്‌, ഓഫീസ്‌–സ്‌റ്റാഫ്‌ റൂം എന്നിവയാണ്‌ സജ്ജമാക്കുന്നത്‌.

മുണ്ടക്കൈ ഗവ. എൽപിഎസിലെ 62 കുട്ടികൾക്കാണ്‌ എപിജെ ഹാളിൽ സൗകര്യം ഒരുക്കുന്നത്‌. ഹാൾ ഞായറാഴ്‌ച ശുചിയാക്കി. ബെഞ്ചും കസേരയുൾപ്പെടെയുള്ളവ അടുത്തദിവസങ്ങളിലെത്തിക്കും. വിദ്യാർഥികൾക്കുള്ള പാഠപുസ്‌തകം, യൂണിഫോം, പഠനോപകരണ കിറ്റുകൾ എന്നിവയെല്ലാം സജ്ജമാണ്‌. സെപ്‌തംബർ രണ്ട്‌ വിദ്യാലയങ്ങളിൽ പ്രവേശനോത്സവമായിരിക്കും.

 

അന്ന്‌ മുതൽ ചൂരൽമലയിൽനിന്ന് മേപ്പാടി സ്‌കൂളിലേക്ക് രാവിലെയും വൈകിട്ടും മൂന്ന്‌ കെഎസ്ആർടിസി ബസുകൾ ‘സ്റ്റുഡന്റ്‌സ് ഒൺലി’ സൗജന്യ സർവീസ് നടത്തും. മറ്റു സ്ഥലങ്ങളിൽ പാർപ്പിച്ചിട്ടുള്ള ദുരന്തബാധിതരായ കുട്ടികൾക്ക്‌ കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ പാസ് അനുവദിക്കും. മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്‌  ഓട്ടോറിക്ഷ, ജീപ്പ്‌ സൗകര്യം ഒരുക്കും.

Advertisements

അതേസമയം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ വിദ്യാലയങ്ങളിൽ ചൊവ്വാഴ്‌ച അധ്യയനം പുനരാരംഭിക്കും. മേപ്പാടി ഗവ. എൽപിഎസ്‌, ജിഎച്ച്എസ്എസ്, സെന്റ്‌ ജോസഫ്‌സ്‌ യുപി എന്നിവിടങ്ങളിലാണ്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന്  സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിച്ചാണ്‌ പഠനം തുടങ്ങുന്നത്‌. സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായുള്ള ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയായി.

Share news