KOYILANDY DIARY

The Perfect News Portal

57 ൻ്റെ നിറവിൽ സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ

57 ൻ്റെ നിറവിൽ സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അൻപത്തി ഏഴാം വാർഷികാഘോഷം ഏപ്രിൽ 29, 30 തിയ്യതികളിലായി നടക്കും. വാർഷികാഘോഷത്തോടൊപ്പം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ഈ വർഷം സേവനം പൂർത്തിയാക്കി വിരമിക്കുന്ന പ്രധമാധ്യാപകൻ ഇ.സുരേഷ് ബാബു, പി.സതി, കെ.രാമചന്ദ്രൻ, എം.ടി ആശാലത, സി.തങ്കമണി, എം.കെ സദാനന്ദൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകുന്നത്.
Advertisements
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. ചടങ്ങിൽ എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും കലാപരിപാടികളും,  സഹൃദയ കലാവേദി, കോഴിക്കോട് അവതരിപ്പിക്കുന്ന ‘മണിവർണ്ണ തൂവൽ’ നാടകവും അരങ്ങേറും.
ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ‘മാതൃസംഗമം’ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി അഭിനേത്രിയും എഴുത്തുകാരിയുമായ ശ്രുതി വൈശാഖിൻ്റെ ‘മിണ്ടിയും പറഞ്ഞും’ പരിപാടിയും, രക്ഷിതാക്കളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
രാത്രി 7.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി കെ.മുരളീധരൻ മുഖ്യാതിഥിയായെത്തും. തുടർന്ന് കോമഡി സ്റ്റാർ ഫെയിം കൃഷ്ണകുമാർ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അവനി എസ്.എസ് എന്നിവർ നയിക്കുന്ന മാനന്തവാടി ‘രാഗതരംഗ് ഓർക്കസ്ട്ര’ യുടെ ഗാനമേള ഉണ്ടായിരിക്കും.
ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും രാഷ്ട്രീയ, സാമൂഹിക, സാഹിത്യ രംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമാണ് സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. 1945 ന് സ്ഥാപിതമായ ചിങ്ങപുരം ഗേൾസ് എലമെൻ്ററി സ്കൂളും, 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് സ്കൂളും ചേർന്ന് 1951ൽ കോഴിപ്പുറം ഹയർ എലമെൻ്ററി സ്കൂൾ ആവുകയും പിന്നീടത് കോഴിപ്പുറം യു.പി സ്കൂൾ ആയി മാറുകയും ചെയ്തു. പിന്നീട് 1966 ൽ സി.കെ ഗോവിന്ദൻ നായർ സ്മാരക ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയുമായിരുന്നു.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ പി.ശ്യാമള ടീച്ചർ, ചെയർമാൻ അച്യുതൻ ആളങ്ങാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.വി സുരേഷ്, ഡെപ്യൂട്ടി എച്ച്.എം കെ.കെ മനോജ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു.