KOYILANDY DIARY

The Perfect News Portal

പൗരത്വ നിയമ ഭേദഗതി; മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ മൂന്നാഴ്‌ച

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ മൂന്നാഴ്‌ച സമയം അനുവദിച്ച്‌ സുപ്രീം കോടതി. ഇടക്കാല സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായില്ല. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും പരിഗണിക്കും. ഡിവൈഎഫ്ഐ, അസം സ്റ്റുഡന്റ് യൂണിയന്‍, കേരള സര്‍ക്കാര്‍, മുസ്‌ലിം ലീഗ് തുടങ്ങിയവരടക്കം നല്‍കിയ 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്.

ഉപഹർജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ കക്ഷികൾക്ക് നോട്ടീസ് അയക്കാമെന്ന് കോടതി അറിയിച്ചു. പൗരത്വ ചട്ടത്തിന് തിരക്ക് ഇല്ലായിരുന്നു. ജൂലൈ വരെ കാത്തിരിക്കാമായിരുന്നു എന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു. മറുപടി നൽകാൻ നാല് ആഴ്‌ച സമയം വേണമെന്നാണ്‌ കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്‌. എന്നാൽ മറുപടി നൽകാൻ രണ്ടാഴ്‌ച പോരേ എന്ന്‌ കോടതി ചോദിച്ചു. ഒടുവിൽ മൂന്ന്‌ ആഴ്‌ചക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.