KOYILANDY DIARY

The Perfect News Portal

കടപ്പത്രലേലത്തിലൂടെ 17 സംസ്ഥാനങ്ങൾ ഇന്ന് അരലക്ഷം കോടി കടമെടുക്കും

ന്യൂഡല്‍ഹി: കടപ്പത്രലേലത്തിലൂടെ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ന് 50206 കോടി രൂപ കടമെടുക്കും. ഇത് ആദ്യമായാണ് ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക.

3742 കോടി രൂപയാണ് കേരളം എടുക്കുന്നത്. 8,000 കോടി രൂപകടമെടുക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവ 6000 കോടി രൂപവീതം കടമെടുക്കുന്നുണ്ട്. നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് ഏറ്റവും കുറച്ചെടുക്കുന്നത്. കടമെടുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ കടപ്പത്രം വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാകും.

 

കേന്ദ്രത്തിനെതിരെ കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതില്‍ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്.

Advertisements

 

ഇതിന് പുറമെ ഊര്‍ജമേഖലയിൽ പരിഷ്‌കരണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതിയും കേരളത്തിന് ഉടന്‍ ലഭിക്കും. ഗവൺമെൻ്റുകളോ കമ്പനികളോ സാമ്പത്തിക സഹായം ആവശ്യമായി വരുമ്പോൾ നിക്ഷേപകർക്ക് ഹ്രസ്വകാല, ദീർഘകാല വ്യവസ്ഥയിൽ നൽകുന്നതാണ് കടപ്പത്രങ്ങൾ.