KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകി.

 

കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി.

Advertisements

 

സ്‌കൂളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛർദിലോ നിർജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ അന്തേവാസിയായ 10 വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. ഈ ​ഹോസ്റ്റലിലെ അന്തേവാസികളായ 16 പേരെ ലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

Share news