KOYILANDY DIARY

The Perfect News Portal

മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ രണ്ട് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക. ആർ അറിയിച്ചു.

വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ്ങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. മലിനജലം തുറന്ന് വിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Advertisements