KOYILANDY DIARY.COM

The Perfect News Portal

ചേന്ദമംഗലം കൂട്ടക്കൊലകേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1000 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചത്. കേസിൽ ആകെ 112 സാക്ഷികളും, 60 തെളിവുരേഖകളുമാണ് ഉള്ളത്. പ്രതി ഋതുവിൻ്റേത് മുന്‍വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കുറ്റപത്രം സമർപ്പിച്ചത് കൂട്ടക്കൊല നടന്ന് 30-ാം ദിവസമാണ്. ജനുവരി 18-നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിനീഷയുടെ ഭർത്താവായ ജിതിന് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റിരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളുടെ കൺമുന്നിൽ വെച്ചാണ് പ്രതി ക്രൂര കൊലപാതകങ്ങൾ നടത്തിയത്.

 

വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയത്. കൊലപാതകത്തിൽ കുറ്റബോധമില്ലാത്ത വിധമാണ്‌ പ്രതിയുടെ പെരുമാറ്റമെന്ന്‌ പൊലീസ് പറഞ്ഞു. ഋതുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കൃത്യമായ ബോധത്തോടെയാണ് പ്രതി കൊല നടത്തിയതെന്നും വൈരാ​ഗ്യത്തിന്റെ പുറത്തുള്ള കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Advertisements
Share news