കീം എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവനന്ദ് പി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഹാഫിസ് റഹ്മാൻ രണ്ടും അലൻ ജോണി അനിൽ മൂന്നാം റാങ്കും നേടി. ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായാണ് കീം നടന്നത്. ആദ്യ ഓൺലൈൻ പ്രവേശന പരീക്ഷയായിരുന്നു.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ. 79,044 വിദ്യാര്ത്ഥികളെഴുതിയ പരീക്ഷയിൽ 58340 പേർ യോഗ്യത നേടി. ഇതിൽ 27524 പേർ പെൺകുട്ടികളും 30815 പേർ ആൺകുട്ടികളുമാണ്. 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധനവുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി.

പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. 6568 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെട്ടതും എറണാകുളം ജില്ലയിൽ നിന്നാണ് – 170 പേർ.

