KOYILANDY DIARY.COM

The Perfect News Portal

ചലനം മെന്റർഷിപ്പ് പദ്ധതിക്ക് മുക്കത്ത് തുടക്കം

മുക്കം: കുടുംബശ്രീ സംസ്ഥാന മിഷന്റെ ചലനം മെന്റർഷിപ്പ് പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. സുസ്ഥിര വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും മികവിന്റെ കേന്ദ്രം എന്ന നിലയിൽ നഗര സിഡിഎസിനെ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലകളിൽ ഒരു സിഡിഎസ് എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ജില്ലയിൽ പൈലറ്റ് പ്രോജക്ടിനായി തെരഞ്ഞെടുത്തത് മുക്കം നഗരസഭയെയാണ്. 
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി ഓരോ സിഡിഎസിന്റെയും നിലവിലെ  പ്രവർത്തനങ്ങളെ വിലയിരുത്തി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ  അടിസ്ഥാനത്തിലാണ് കർമപദ്ധതി തയ്യാറാക്കുക. നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സി ടി  രജിത അധ്യക്ഷയായി. ജില്ലാ മിഷൻ പ്രോജക്ട്‌ മാനേജർ ടി ടി ബിജേഷ് മുഖ്യാതിഥിയായി.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി, സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണൻ, കെ കെ റുബീന, കൗൺസിലർമാരായ ജോഷില സന്തോഷ്, ബിന്നി മനോജ്‌, സി വസന്തകുമാരി, സക്കീന, ബിന്ദു, വസന്തകുമാരി എന്നിവർ സംസാരിച്ചു. മെന്റർ സി കെ വിജയൻ പദ്ധതി വിശദീകരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സി ടി ശ്രീതി സ്വാഗതവും സിറ്റി മിഷൻ മാനേജർ നിഖിൽ നന്ദിയും പറഞ്ഞു. 

 

Share news