KOYILANDY DIARY

The Perfect News Portal

കാർപ്പെൻ്ററി വർക്ക്സ് സൂപ്പർവൈസേർസ് ജില്ലാ കൺവെൻഷൻ 10ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കാർപ്പെൻ്ററി വർക്ക് സൂപ്പർവൈസേർസ് ജില്ലാ കൺവെൻഷൻ 10ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10ന് കൊയിലാണ്ടി മുദ്ര ശശി മെമ്മോറിയൽ ഹാളിൽ എം.എൽ.എ. കാനത്തിൽ ജമീല കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അനിൽ അണേല അദ്ധ്യക്ഷതവഹിക്കും. മരപ്പണി എടുത്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്ന് വിദേശ കുത്തകകളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യഥേഷ്ടം ഇറക്കുമതി ചെയ്യുന്ന മരങ്ങൾ കൊണ്ടുണ്ടാക്കുന്ന ഉല്പന്നങ്ങൾ മൂലം പണിയില്ലാതെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
മാറി മാറി വരുന്ന സർക്കാറുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികൾ നടത്തുന്ന വ്യവസായ സംരഭങ്ങൾക്കാവശ്യമായ ഫോറസ്റ്റ് അനുമതി, പൊല്ല്യൂഷൻ സർട്ടിഫിക്കറ്റ്, തുടങ്ങിയ ലൈസൻസുകൾ ലഭിക്കുന്നതിനു ഇന്ന് നിലവിലുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്നും, ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിലെടുക്കുന്ന പ്രസ്തുത തൊഴിൽ മേഖല സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും കാർപ്പെൻ്ററി വർക്ക് സൂപ്പർവൈസേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം സർക്കാർ ഏറെറടുക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുന്നതാണ്. നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന പ്രസിഡണ്ട് പി. സഹദേവൻ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പി. സഹദേവൻ, സുധാകരൻ പി. ആർ, സഞ്ജയ് കെ., അനിൽ അണേല, കെ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Advertisements