KOYILANDY DIARY

The Perfect News Portal

സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (എമിനൻറ്) രാജിവെച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും  ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജിവെച്ചത്. രാജിക്കത്ത്  അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചുകൊടുത്തു.

‘‘സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.  ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ആരുടേയും പേര് ഉണ്ടായിരുന്നില്ല. ഉദ്ഘാടകൻ്റെ പേര് പരാമർശിക്കാതെ ‘അക്കാദമി എക്‌സിബിഷൻ്റെ ഉദ്ഘാടനം’ എന്നാണ് ഉണ്ടായിരുന്നത്. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തി പ്രത്യേക ബ്രോഷർ വന്നത്.

 

സാഹിത്യ അക്കാദമി സ്വയംഭരണാവകാശം സ്ഥിരമായി ഉയർത്തിപ്പിടിക്കാറുള്ളതാണ്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന്റെ സമ്മർദങ്ങൾക്ക് ഇത്തരത്തിൽ വഴങ്ങുന്നത് അക്കാദമിയുടെ ദീർഘകാല ചരിത്രത്തിൽ ആദ്യമാണ്. അഞ്ച് വർഷം എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ  അംഗമായിരിക്കെ അക്കാദമിയെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഞാടക്കമുള്ളവർ നടത്തിയ സന്ധിയില്ലാത്ത പോരാട്ടം ഓർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വത്കരിക്കുകയാണ്.

Advertisements

 

സാഹിത്യ അക്കാദമിയുടെ സ്ഥാപക പിതാക്കന്മാർ ഈ സ്ഥാപനത്തിൻ്റെ ജനാധിപത്യ സ്വയംഭരണത്തെ തുരങ്കം വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കാനും ശല്യപ്പെടുത്താതെ അതിജീവിക്കാനും പ്രാപ്തമായ ഒരു ഭരണഘടനയാണ് അതിന് നൽകിയത്. എന്നാൽ അക്കാദമിയുടെ ഭരണഘടന പുതുക്കിപ്പണിയാൻ പോലും രാഷ്ട്രീയ മുതലാളിമാർ മിടുക്കരാണെന്നാണ് ഇപ്പോൾ റിപ്പോർട്ട്. ജനാധിപത്യപരമായ സ്വയംഭരണ അവകാശമുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നായ അക്കാദമിയുടെ ശവസംസ്കാരത്തിന് എനിക്ക് നിശബ്ദ സാക്ഷിയാകാൻ കഴിയില്ല’’ എന്ന് അക്കാദമി സെക്രട്ടറിക്കയച്ച കത്തിൽ പറഞ്ഞു.