KOYILANDY DIARY

The Perfect News Portal

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയർന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലർത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകി.  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 05 cm നും 20 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന്  രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 05 cm നും 30 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചു.

 

കള്ളക്കടൽ പ്രതിഭാസം 

Advertisements

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണ മേഖലയിൽ ഉണ്ടാകുന്ന കാറ്റ്‌ ശക്തമായ തിര സൃഷ്‌ടിക്കുന്ന പ്രതിഭാസമാണ്‌ കള്ളക്കടൽ. ഞായറാഴ്ച വിവിധ തീരങ്ങളിലുണ്ടായ കടലേറ്റം ഇത്‌ കാരണമാകാമെന്നാണ്‌ അനുമാനം. സമുദ്രത്തിന്റെ  4000 മുതൽ 5000 കിലോമീറ്റർ ഉള്ളിൽ ഉണ്ടാകുന്ന കാറ്റ് ന്യുനമർദമോ ചുഴലിക്കാറ്റോ ആയി മാറാതെ ശക്തമായ തിരയിളക്കത്തിന്‌ കാരണമാകും. അപ്രതീക്ഷിതമായി തീരമെടുക്കുന്ന ഈ പ്രതിഭാസം  “കള്ളക്കടൽ’ എന്ന പേരിലാണ്‌ മത്സ്യത്തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്‌.

 

കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലേക്ക്‌ വലിയുകയും പിന്നീട്‌ വൻ തിരമാലകൾ തീരത്ത് അടിച്ചുകയറുകയും ചെയ്യുമെന്ന്‌ വിദഗ്ധർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തെ തീരവാസികൾ “കള്ളക്കടൽ’ എന്ന പേരിട്ട്‌ വിളിക്കുന്നത്‌.