KOYILANDY DIARY

The Perfect News Portal

വാടക വീട്  കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന, പ്രതി പിടിയിൽ

വാടക വീട്  കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന, പ്രതി പിടിയിൽ. കോഴിക്കോട്: പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ (38) യാണ് നാർകോട്ടിക്ക് സെൽ അസി. കമ്മീഷണർ   പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആൻ്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്റ്റർ ഷിജുവിൻ്റെ  നേതൃത്വത്തിലുള്ള പൊലീസും  ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി.

അറസ്റ്റിലായ പ്രദീപൻ കോഴിക്കോട് ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, മോഷണ കേസുകളിലും പ്രതിയാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും, ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ചു വരികയായിരുന്നു.

പിടികൂടിയ മയക്കു മരുന്നിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നതിനാൽ പരിസരവാസികൾക്ക് സംശയമുണ്ടായിരുന്നില്ല. കൂടാതെ ബോട്ടുണ്ടെന്നും, മീൻകച്ചവടമാണെന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട് വാടകക്കെടുത്തിരുന്നത്. എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ ഇയാളുടെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിശദമായ അനേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാർ പറഞ്ഞു.

Advertisements

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത് അസി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, എസ്.സി.പി.ഒ അഖിലേഷ്. കെ, അനീഷ് മൂസൻ വീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസ് ടി. വി, എസ്.സി.പി.ഒ മാരായ ശ്രീജിത്കുമാർ പി, രഞ്ജിത്ത് എം, വനിതാ സി.പി.ഒ ശാലിനി, ശ്രുതി, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.