നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം പ്രഖ്യാപിച്ചു
.
ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നെയ്മാറിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ലോകകപ്പ് കളിക്കാനുള്ള നെയ്മറിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്.

മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ കാർലോ അൻചലോട്ടി, പൂർണ്ണ ഫിറ്റ്നസ് നേടാത്തതിനെ തുടർന്നാണ് നെയ്മറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കി. 2023ഇൽ മുട്ടിൽ ഏറ്റ ഗുരുതരമായ പരിക്കിന് ശേഷം നെയ്മർ ബ്രസീൽ ടീമിനായി ബൂട്ടണിഞ്ഞിട്ടില്ല. സാന്റോസ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ശേഷം ചില മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ പേശിയിലുണ്ടായ പരിക്കിനെ തുടർന്നും അദ്ദേഹത്തിനു മത്സരം നഷ്ടപ്പെട്ടിരുന്നു.

ബ്രസീൽ ഈ മാസം 26-ന് ഫ്രാൻസിനെയും 31-ന് ക്രൊയേഷ്യക്കെതിരെയും സൗഹൃദ മത്സരങ്ങളിൽ ഏറ്റുമുട്ടും. ലോകകപ്പ് മുന്നിൽ കണ്ടു പ്രഖ്യാപിച്ച സ്ക്വാഡിൽ യുവ താരങ്ങളായ എൻഡ്രിക്, ഇഗോർ തിയാഗോ തുടങ്ങിയവർക്ക് അവസരം നൽകിയിട്ടുണ്ട്. വിനിമാർ ജൂനിയർ, റാഫിന്യ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ടീമിലുണ്ട്.




