കോപ്പ അമേരിക്കയിൽ കൊളംബിയയോട് സമനിലയ്ക്ക് വഴങ്ങി ബ്രസീൽ ക്വാർട്ടറിൽ

കോപ്പ അമേരിക്കയിൽ കൊളംബിയയോട് സമനിലയ്ക്ക് വഴങ്ങി ബ്രസീൽ ക്വാർട്ടറിൽ. മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ ക്വാർട്ടറിൽ കടന്നത്. എന്നാൽ ഗ്രൂപ്പിൽ രണ്ടാമന്മാരായാണ് ബ്രസീൽ ക്വാർട്ടറിൽ കടന്നത്. ജൂലായ് ഏഴിന് നടക്കുന്ന ക്വാര്‍ട്ടറില്‍ യുറഗ്വായാണ് ബ്രസീലിന്റെ എതിരാളികള്‍. കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും.

12-ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ മഞ്ഞപ്പടയ്‌ക്കെതിരേ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിയല്‍ മുനോസ് നേടിയ ഗോളില്‍ കൊളംബിയ മത്സരത്തെ സമനിലയിലേക്കെത്തിക്കുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ഇരുടീമുകളും ഗോൾ നേടിയെങ്കിലും രണ്ടാം പ്രകുതിയിൽ ബ്രസീൽ ശക്തമായ ആക്രമണമാണ് കാഴ്ചവെച്ചത്. റഫീന്യയും റോഡ്രിഗോയും മികച്ച മുന്നേറ്റങ്ങള്‍ പലതും നടത്തിയിട്ടും ഫലമുണ്ടായില്ല.

