KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി

പാലക്കാട് വീണ്ടും ബോംബ് ഭീഷണി. കളക്ടറേറ്റിൽ ബോംബ് സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശം വന്നത്. പാലക്കാട് ജില്ലാ കളക്ടറുടെ ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടുമണിയോടുകൂടി ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഇന്ന് രാവിലെ 7.25 നാണ് ഭീഷണി സന്ദേശം എത്തിയത്. പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ഓഫീസുകളിൽ നിന്നും മാറ്റിയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. 

 

ഇന്ന് കൊല്ലം കളക്ടറേറ്റിലും ബോംബ് ഭീഷണി എത്തിയിരുന്നു. ജില്ലാ കളക്ടർ എൻ ദേവിദാസിന്‍റെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ടർ സിറ്റി പൊലീസ് കമ്മീഷ്ണറോട് അന്വേഷണത്തിന് നിർദ്ദേശിച്ചു. തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും കളക്ടറേറ്റിലും പരിസരത്തും പരിശോധന നടത്തി. രണ്ട് മണിക്കൂറോളം നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ശൗക്ക് ശങ്കർ എന്ന യൂട്യൂബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.

 

സന്ദേശം ലഭിച്ചയുടൻ പോലീസുമായി ബന്ധപ്പെട്ടതായും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതായും കളക്ടർ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് സന്ദേശം എത്തിയത്. 2 മണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. കളക്ടറേറ്റിന് ഉള്ളിലേക്ക് ആളുകളെ കടത്തി വിടുന്നതിലടക്കം പോലീസ് പരിശോധന ശക്തമാക്കിയതായും കളക്ടർ അറിയിച്ചു.

Advertisements
Share news