KOYILANDY DIARY

The Perfect News Portal

അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ ആം ആദ്‌മി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ ബിജെപി ആക്രമണം

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ ആം ആദ്‌മി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ ബിജെപി ആക്രമണം. പ്രതിഷേധ യോഗത്തിനുശേഷം ബിജെപി ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിനുനേരെയാണ്‌ അക്രമം അഴിച്ചുവിട്ടത്‌.  കിഴക്കേകോട്ട ചിത്തിര തിരുനാൾ പാർക്കിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ തമ്പാനൂർ അരിസ്റ്റോ ജങ്‌ഷനിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഇതോടെയാണ്‌ ബിജെപിക്കാർ പ്രതിഷേധക്കാരെയും പൊലീസിനെയും ആക്രമിച്ചത്‌.

സ്‌ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവരെ കല്ലും വടികളുമായി നേരിട്ടു. പൊലീസ്‌ ലാത്തിവീശി. അക്രമികളെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ റോഡ്‌ ഉപരോധിച്ച എഎപി സംസ്ഥാന പ്രസിഡണ്ട് വിനോദ്‌ മാത്യു വിൽസൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. പ്രതിഷേധ സമ്മേളനത്തിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, യുഡിഎഫ്‌ സ്ഥാനാർത്ഥി ശശി തരൂർ തുടങ്ങിയവർ സംസാരിച്ചു. ആം ആദ്മി പാർടിയുടെ ‘നോ വോട്ട് ടു ബിജെപി’ ക്യാമ്പയിന്റെ ലോഗോയും പ്രകാശിപ്പിച്ചു.