മോദിയെയും അദ്വാനിയെയും വിമർശിച്ചതിന് മാധ്യമ പ്രവർത്തകനുനേരെ ബിജെപി അക്രമം

പൂനെ: മോദിയെയും അദ്വാനിയെയും വിമർശിച്ചുവെന്ന പേരിൽ മാധ്യമ പ്രവർത്തകനു നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിനു നേരെയാണ് ആക്രമണം നടന്നത്. പൂനെയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. കാറിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും മഷി ഒഴിക്കുകയും ചെയ്തു. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ നിഖിൽ വാങ്ക്‌ലെ വിമർശിച്ചിരുന്നു. ഇതിനെച്ചൊല്ലിയാണ് ആക്രമണം നടന്നതെന്നാണ് ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതാവ് എൽ കെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുനിൽ ദിയോധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. നിഖിൽ വാങ്ക്‌ലെ സംസാരിക്കുന്ന നിർഭയ് ബാനു പരിപാടിയ്ക്കുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നൽകിയിരുന്നു. ഇതേ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം.


ഒരു കൂട്ടം ബിജെപി പ്രവർത്തകർ നിഖിൽ വാഗ്ലെയുടെ കാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്ക് നേരെ മുമ്പും ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് നിഖിൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

