KOYILANDY DIARY

The Perfect News Portal

പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ (88) അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ചിത്രകാരനും ശിൽപിയുമായ എ രാമചന്ദ്രൻ (88) അന്തരിച്ചു. 2005-ൽ രാഷ്ട്രത്തിനായുള്ള മികച്ച സേവനത്തിന് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1991 മുതൽ കേരള ലളിതകലാ അക്കാദമിയുടെ ഓണററി ചെയർമാനാണ്. ശാന്തിനികേതനിലെ അധ്യാപകനും പ്രസിദ്ധ ചിത്രകാരനുമായ നന്ദലാൽ ബോസിന്റെ സ്വാധീനത്തിൽ വളർന്ന രാമചന്ദ്രൻ ഇന്ത്യൻ ചിത്രകലയിൽ സവിശേഷ സ്ഥാനം കണ്ടെത്തി.

പാശ്ചാത്യ ആധുനികതയുടെ വഴിയിൽ ഏറെ സഞ്ചരിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിലെ ബിംബാവലികളെ ഉപയോഗപ്പെടുത്തി ചിത്രരചനയിൽ ഏർപ്പെട്ടു. മലയാളിയായ അച്യുതൻ രാമചന്ദ്രൻ നായർ 1935-ൽ തിരുവനന്തപുരം ആറ്റിങ്ങലിലാണ് ജനിച്ചത്.  60-കളിൽ ഡൽഹിയിലേക്ക് താമസം മാറിയ അദ്ദേഹം 1965-ൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ കലാവിദ്യാഭ്യാസത്തിൽ അധ്യാപകനായി ചേർന്നു. പിന്നീട് അതേ ഡിപ്പാർട്ട്‌മെൻ്റിൽ പ്രൊഫസറായ അദ്ദേഹം 1992-ൽ സ്വയം വിരമിക്കുന്നതുവരെ സർവകലാശാലയിൽ തുടർന്നു.

 

മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കല കുട്ടിക്കാലം മുതൽ തുടർന്നുകൊണ്ടിരുന്നു. ശാന്തിനികേതനിലെ കലാഭവനിൽ ചേർന്ന അദ്ദേഹം 1961-ൽ കലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1961-നും 1964-നും ഇടയിൽ കേരളത്തിലെ മ്യൂറൽ പെയിൻ്റിംഗുകളിൽ ഡോക്ടറേറ്റ് തീസിസ് ചെയ്തു. നഗരജീവിതത്തിൻ്റെ രോഷം പ്രതിഫലിപ്പിക്കുന്ന ഒരു ആവിഷ്കാര ശൈലിയിലാണ് രാമചന്ദ്രൻ ആദ്യകാലങ്ങളിൽ വരച്ചത്.

Advertisements

 

പെയിൻ്റിംഗുകൾ വലുതും ചുവർചിത്രങ്ങൾക്ക് സമാനമായതും ശക്തമായ രൂപങ്ങൾ ഉൾക്കൊള്ളുന്നവയും ആയിരുന്നു. ഇന്ത്യ, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ കുട്ടികളൾക്കായി പ്രസിദ്ധീകരിച്ച ചിത്രപുസ്തകങ്ങളിൽ എഴുതുകയും വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീപെരുപുത്തുരിൽ രാജീവ് ഗാന്ധി സ്മാരകത്തിലെ 20 അടി ഉയരമുള്ള ശില്പം നിർമ്മിച്ചു. കലാകാരിയായ താൻ യുവാൻ ചമേലിയാണ് ഭാര്യ.