KOYILANDY DIARY

The Perfect News Portal

BJP സര്‍ക്കാര്‍ ദളിത് വേട്ട: ചൊവ്വാഴ്ച കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് CPI(M) മാർച്ച്‌

തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ തുടരുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച രാജ്ഭവനിലേക്കും എല്ലാ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും സിപിഐ എം ബഹുജന മാര്‍ച്ച്‌ നടത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ദളിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്‌.

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌ ദളിത്‌ വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്‌. 12 പേര്‍ ഇതിനകം പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടു. ദളിത്‌ പ്രക്ഷോഭങ്ങളോട്‌ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്‌. കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തില്‍ വന്നതിന്‌ ശേഷമുള്ള 4 വര്‍ഷത്തിനിടയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതരെ കൊലചെയ്യുന്നത്‌ പതിവായി.

ഇത്തരക്കാര്‍ക്ക്‌ ശക്തി പകരുന്ന കോടതിവിധി പുനഃപരിശോധിക്കാന്‍ നിയമപരമായ ഇടപെടല്‍ ആത്മാര്‍ത്ഥമായി നടത്താന്‍ മോദി ഭരണം തയ്യാറായില്ല. സുപ്രീംകോടതിയില്‍ കേസ്‌ വന്നപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിശ്ശബ്ദത പാലിച്ചു. അതേത്തുടര്‍ന്നാണ്‌ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢനനിരോധന നിയമത്തിലെ അറസ്റ്റ്‌ വ്യവസ്ഥ ഉദാരമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌ ഈ വിഭാഗത്തിനെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്‌.

Advertisements

ഈ പശ്ചാത്തലത്തിലാണ്‌ ദളിത വിഭാഗങ്ങള്‍ സംഘടിതമായി പ്രക്ഷോഭത്തിലേക്ക്‌ വന്നിരിക്കുന്നത്‌. ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ രംഗത്തു വരാന്‍ എല്ലാ മനുഷ്യസ്‌നേഹികളും തയ്യാറാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *