KOYILANDY DIARY

The Perfect News Portal

സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയുള്ള ഹർത്താലിൽ കുമ്മനത്തിന്റെ പിന്തുണ

ചെങ്ങന്നൂര്‍: രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്ന ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ദളിത്‌ സംഘടനകള്‍ ഇന്ന്‌ കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെ പിന്തുണച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. പട്ടിക ജാതി-പട്ടികവര്‍ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദളിത്‌ സംഘടനകള്‍ ഏപ്രില്‍ രണ്ടിന്‌ നടത്തിയ ഭാരത്‌ ബന്ദിനിടെ ദളിത്‌ വിഭാഗങ്ങള്‍ക്കുമെതിരെ സംഘപരിവാര്‍ സംഘടനകളും പൊലീസും നടത്തിയ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്‌ ദളിത്‌ സംഘടനകള്‍ സംസ്ഥാനത്ത്‌ ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ഈ ഹര്‍ത്താലിനെ പിന്തുണച്ചാണ്‌ കുമ്മനം രാജശേഖരന്‍ മുതലെടുപ്പിന്‌ ശ്രമിക്കുന്നത്‌.

ദളിത്‌ സംഘടനകള്‍ ഇന്ന്‌ നടത്തുന്ന ഹര്‍ത്താലിനോട്‌ ബിജെപിയുടെ നിലപാടെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അങ്ങേയറ്റത്തെ അനുഭാവമാണുള്ളത്. അവര്‍ ന്യായമായ ഒരാവശ്യം ഉന്നയിച്ചുകൊണ്ട് തന്നെയാണു സമരരംഗത്ത് നില്‍ക്കുന്നത്’.

എന്നാല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും സവര്‍ണ്ണ ഹിന്ദുത്വ നയങ്ങളില്‍ പ്രതിഷേധിച്ചാണെന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയ ദളിത് സംഘടനകള്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമായി പറയുന്നു. “ഹിന്ദുത്വത്തെ ശക്തിപ്പെടുത്തിക്കൊണ്ടും ദളിത് പിന്നോക്ക വിഭാഗങ്ങളെ ശാരീരികമായി ആക്രമിച്ചുകൊണ്ടും സവര്‍ണ്ണ ഹിന്ദുക്കളും അതിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടു വെയ്ക്കുന്ന സംഘപരിവാര്‍ ശക്തികളും അതു നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരും ദളിത് വിഭാഗത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം ഫലശൂന്യമാക്കിക്കൊണ്ട് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും നടത്തിയ നീക്കത്തിനെതിരെ ഉത്തരേന്ത്യയില്‍ ദളിത് വിഭാഗങ്ങള്‍ ഏപ്രില്‍ രണ്ടിനു നടത്തിയ ഹര്‍ത്താലില്‍ പന്ത്രണ്ടു പേരെ കൊലപ്പെടുത്തിക്കൊണ്ട് സംഘപരിവാര്‍ ശക്തികള്‍ ഇതാണു തെളിയിച്ചിരിക്കുന്നത്.”- ദളിത്‌ സംഘടനകള്‍ നോട്ടീസില്‍ പറയുന്നു.

Advertisements

ഹര്‍ത്താല്‍ സംഘപരിവാറിനും ബിജെപി സര്‍ക്കാരിനും എതിരെയാണെന്ന കാര്യം പകല്‍ പോലെ വ്യക്തമായിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ ബിജെപി ദളിതര്‍ക്കൊപ്പമാണെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ കുമ്മനം രാജശേഖരന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *