KOYILANDY DIARY

The Perfect News Portal

ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

കൊച്ചി: ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന് മുഖ്യമന്ത്രി പിറണായി വിജയന്‍ ഇന്ന്‌ രാവിലെ തറക്കല്ലിട്ടു.സംസ്‌ഥാനത്ത്‌ കൂടുതല്‍ മാലിന്യ വൈദ്യുതി പ്ലാന്‍റുകള്‍ തുടങ്ങാന്‍ സാധ്യത തേടുമെന്ന്‌ പ്ലാന്‍റിന്‌ തറക്കല്ലിട്ട്‌ മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചദാര്‍ഢ്യത്തിനു മുന്നില്‍ ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന്റെ തടസ്സങ്ങള്‍ നീങ്ങുകയായിരുന്നു. നഗരത്തിലെ മാലിന്യപ്രശ്‌നത്തിന്‌ ഇതോടെ വലിയ പരിഹാരമാകും. പ്ലാന്റിന്റെ കരാര്‍ സംബന്ധിച്ച്‌ എല്‍ഡിഎഫും സിപിഐ എമ്മും ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചാണ് പ്ലാന്റിന് തുടക്കം കുറിക്കുന്നത്. 300 ടണ്‍ മാലിന്യം ദിവസവും കൊച്ചി കോര്‍പറേഷന്‍ നല്‍കണമെന്നതായിരുന്നു ഒരു നിബന്ധന. ഇതില്‍ പരാജയപ്പെട്ടാല്‍ കോര്‍പറേഷന്‍ പിഴ നല്‍കണമായിരുന്നു. എന്നാല്‍ പിഴ എന്ന മാനദണ്ഡം ഒഴിവാക്കി. പകരം ബ്രഹ്മപുരത്ത് ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്ബാരത്തില്‍നിന്ന് ആവശ്യത്തിന് മാലിന്യമെടുക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. വൈദ്യുതിയുടെ നിരക്കും കുറച്ചു.

ഒരുടണ്‍ മാലിന്യത്തില്‍നിന്ന് ആദ്യം ഉല്‍പ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യൂതി യൂണിറ്റിന് 15 രൂപ നിരക്കിലും ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് 6.70 രൂപ നിരക്കിലുമാണ് വാങ്ങുക. ഒരു ടണ്ണില്‍നിന്ന് 330 യൂണിറ്റ് വൈദ്യുതി നിര്‍മിക്കാനാകുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. അധികം നിര്‍മിക്കുന്ന വൈദ്യുതിചാര്‍ജിന്റെ 20 ശതമാനം നഗരസഭയ്ക്കും കിട്ടും. നഗരസഭയ്ക്ക് വന്‍ ബാധ്യതയാകുന്ന കരാറാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ പൊളിച്ചെഴുതി ഗുണകരമാക്കിയത്.

Advertisements

ജിജെ എക്കോ പ്രൈവറ്റ് പവര്‍ ലിമിറ്റഡ് എന്ന കമ്ബനിയാണ് വൈദ്യുതി പ്ലാന്റ് നിര്‍മിക്കുന്നത്. 295 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പുചെലവ്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മാലിന്യത്തെ വാതകമായി മാറ്റി അതുപയോഗിച്ചാണ് വൈദ്യുതി നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മിച്ച്‌ പ്രവര്‍ത്തിപ്പിച്ചശേഷം 20 വര്‍ഷം കഴിഞ്ഞ് സാങ്കേതികവിദ്യയടക്കം കോര്‍പറേഷന് കൈമാറുന്നതാണ് കരാര്‍. ഇതിന്റെ സാങ്കേതികവിദ്യ സംബന്ധിച്ച്‌ ഉയര്‍ന്ന ആശങ്കകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി കമീഷനെ നിയോഗിച്ചിരുന്നു. സാങ്കേതികവിദ്യ കേരളത്തിനും അനുകൂലമാണെന്ന് കമീഷന്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരസഭാ പ്രദേശത്തെ മാലിന്യം സംസ്കരിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാലിന്യത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റിന് അനുമതി കൊടുത്തത്. മാലിന്യത്തില്‍നിന്ന് വളമുണ്ടാക്കുന്ന പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. നിലവില്‍ ലോറിയില്‍ കൊണ്ടുവരുന്ന മാലിന്യം മുഴുവന്‍ അതേപോലെ അവിടെ ചൊരിയുകയാണ്. മാലിന്യം വലിയ മലപോലെയായിക്കഴിഞ്ഞു. പ്ലാന്റില്‍നിന്ന് മലിനജലം തൊട്ടടുത്തുള്ള കടമ്ബ്രയാറിലേക്ക് ഒഴുകുന്നതുമൂലം നാട്ടുകാരും പ്രക്ഷോഭത്തിലാണ്. പ്ലാന്റ് 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ കമ്ബനിവൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *