KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം; ബംഗാൾ സ്വദേശി പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര കിലോ കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. മത്സ്യ വില്പന സ്റ്റാളിൽ ചെടിച്ചട്ടികൾക്ക് ഉള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിന് ഉള്ളിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ചെറുവേലിക്കുന്നിലെ മത്സ്യ വില്പന സ്റ്റാളിൽ നിന്നുമാണ് കഞ്ചാവ് പിടി കൂടിയത്. സ്റ്റാൾ നടത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശി നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

കടയിലെ ചെടിച്ചട്ടികൾക്കുള്ളിൽ പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേന കുറച്ചു ദിവസമായി ഈ സ്ഥാപനവും പ്രദേശവും നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നു പുലർച്ചെ ഓട്ടോറിക്ഷകളിൽ ചെടിച്ചട്ടികൾ കൊണ്ടുവന്നിറക്കുന്നതു കണ്ട ലഹരി വിരുദ്ധ സേന പോലീസിൽ വിവരമറിയിച്ചു.

 

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചെടിച്ചട്ടികൾക്ക് ഉള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിന് ഉള്ളിലുമായി വെച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കുറച്ച് കഞ്ചാവ് കൂടി ലഭിച്ചു. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും പോലീസ് കണ്ടെടുത്തു. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിലാണ് ചെടിച്ചട്ടികളിൽ കഞ്ചാവ് കൊണ്ടുവന്നത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ടുപേരെ കൂടി പോലീസ് അന്വേഷിച്ചു വരികയാണ്.

Advertisements
Share news