വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ബംഗാൾ സ്വദേശി അറസ്റ്റിൽ

കായംകുളം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. 24 പർഗാനസ് കാഞ്ചൻപുര നോർത്ത് ലെനിൻ സരണി റോഡിൽ പങ്കജ് ശർമ (35) യെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രാഞ്ചൈസി തിരുവല്ലയിൽ നൽകാമെന്ന് വാഗ്ദാനം നൽകി 1,18,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയകയിരുന്നു. പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ വ്യാജ ലിങ്ക് നിർമിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പങ്കജ് ശർമയാണ് പ്രതിയെന്ന് കണ്ടെത്തിയത്.

മറ്റൊരു കേസിൽ അറസ്റ്റിലായ ഇയാളെ ഉത്തർപ്രദേശിലെ ഫത്തേപ്പുർ ജില്ലാ ജയിലിലെത്തി അറസ്റ്റ് ചെയ്ത് കായംകുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു. തലശേരി പൊലീസ് സ്റ്റേഷനിലും സമാനകേസിൽ പ്രതിയാണ്. കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ്കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

