KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതി ‘ബീറ്റ്സി’ന് തുടക്കം

കോഴിക്കോട്‌: ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതി ‘ബീറ്റ്സി’ന് തുടക്കം. കുട്ടികളുടെ ജീവിത നൈപുണി വികസനത്തിന്‌ കരുത്തേകാൻ സമഗ്ര ശിക്ഷാ കോഴിക്കോട്‌ നടപ്പാക്കുന്ന പദ്ധതി ഈസ്റ്റ് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

 
പ്രകൃതി ദുരന്തങ്ങളിൽനിന്നുള്ള അതിജീവനത്തിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്‌. ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ, ബംഗളൂരു ആസ്ഥാനമായ ‘ഇക്വിബിയിങ്’ എൻജിഒ എന്നിവരുടെ സഹായത്തോടെയാണ്‌ നീന്തൽ പരിശീലനം. ആദ്യഘട്ടത്തിൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
കാഴ്‌ചപരിമിതർക്കാണ്‌ മുൻഗണന. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ബിആർസി വഴിയാണ്‌ പഠിതാക്കളെ പദ്ധതിയുടെ പങ്കാളികളാക്കുക. 10 പേരുടെ ബാച്ചുകളായാണ്‌ പരിശീലനം. ഓരോ കുട്ടിക്കും പ്രത്യേകം ലൈഫ്‌ ഗാർഡുണ്ടാകും. ഉദ്‌ഘാടനച്ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ശാദിയ ബാനു, കെ എൻ സജീഷ് നാരായൺ, വി ഹരീഷ്, എം എച്ച്‌ മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം സ്വാഗതവും വി ടി ഷീബ നന്ദിയും പറഞ്ഞു.