KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കാൻ ഓഡിറ്റ്‌ നടപ്പാക്കും; മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കാൻ ഓഡിറ്റ്‌ നടപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ഡാറ്റാ നയം ശക്തമാണ്‌. രോഗികളുടെ സ്വകാര്യ, രോഗ വിവരങ്ങൾ സംരക്ഷിച്ചാണ്‌ ഇ ഹെൽത്ത്‌ പദ്ധതി നടപ്പാക്കുന്നത്‌.

രോഗിക്കും അവരുടെ സമ്മതത്തോടെ ഡോക്ടർക്കും മാത്രമേ രോഗവിവരം കാണാനാകൂ. ആന്റി വൈറസ്‌ പ്രൊട്ടക്ഷൻ സംവിധാനമുള്ളതിനാൽ ഡാറ്റാ ഹാക്കിങ്‌ തടയാം. റീജ്യണൽ കാൻസർ സെന്ററിൽ സൈബർ ആക്രമണം ഉണ്ടായപ്പോഴും മേജർ സിസ്‌റ്റവും സോഫ്‌റ്റ്‌വെയറുകളും ഹാക്ക്‌ ചെയ്യാൻ സാധിച്ചില്ല. നവജാത ശിശുമരണ നിരക്ക്‌ കുറയ്‌ക്കുന്നതിൽ വലിയ മുന്നേറ്റമാണ്‌ കേരളം നടത്തിയത്‌. 2030 ആകുമ്പോൾ ആയിരത്തിൽ ആറ്‌ എന്നതിലേക്ക്‌ നവജാതശിശു മരണ നിരക്ക്‌ കുറയ്‌ക്കാനാണ്‌ ലക്ഷ്യമിട്ടത്‌.

 

2021ൽ തന്നെ ഈ ലക്ഷ്യം കേരളം മറികടന്നു. ഇപ്പോൾ ആയിരത്തിൽ നാലാണ്‌.  മൂന്ന്‌ മെഡിക്കൽ കോളേജും ഏഴ്‌ ജില്ലാ ആശുപത്രിയും ഒരു താലൂക്ക്‌ ആശുപത്രിയുമടക്കം 11 സ്ഥാപനങ്ങൾക്ക്‌ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ലേബർ റൂം അനുബന്ധ സേവനങ്ങളും ലേബർ, ഡെലിവറി, റിക്കവറി നടപടികളും ലക്ഷ്യ മാർഗനിർദേശമനുസരിച്ചാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. പ്രസവസമയത്ത്‌ ഗർഭിണിയുടെ സഹായത്തിന്‌ അമ്മയ്‌ക്കൊരു കൂട്ട്‌ സംവിധാനം ലക്ഷ്യ പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news