ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് അറ്റോണി ജനറല്‍; വാദം കോടതി തളളി
ന്യൂഡല്‍ഹി: കേരളത്തിന്റെ ഹര്‍ജിയുടെ പരിധി വലുതാക്കി ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് അറ്റോണി ജനറല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി ആ വാദങ്ങള്‍ അംഗീകരിച്ചില്ല. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചുകൊള്ളുമെന്ന് അറ്റോണി ജനറല്‍ കോടതിയില്‍ പറഞ്ഞു.

ഓരോ ബില്ലുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരുമാണ് ഗവര്‍ണറെ കാണേണ്ടതെന്ന് കേരളം ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പലവട്ടം ഗവര്‍ണറെ കണ്ടിട്ടുണ്ട്. എന്നാല്‍, ഗവര്‍ണര്‍ നിഷേധാത്മക നിലപാട് തുടരുകയാണ്. ഇപ്പോള്‍ , മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കാമെന്ന് പറയുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേരളത്തിന് വേണ്ടി കെ കെ വേണു ഗോപാല്‍ ചൂണ്ടിക്കാട്ടി.

