KOYILANDY DIARY.COM

The Perfect News Portal

ആദിവാസി കുടിലിൽ ഫുൾറേഞ്ചിൽ; കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്‌

അടിമാലി: കേരളത്തിൽ ഒട്ടാകെ മികച്ച  ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമാക്കി അടിമാലി പഞ്ചായത്ത്‌. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന അടിമാലി കൊരങ്ങാട്ടിയിലാണ് പഞ്ചായത്തിലെ ആദ്യ സൗജന്യ കണക്ഷൻ നൽകിയത്. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ ഫോൺ കേരള വിഷന്റെ സഹായത്തോടെയാണ് പൂവണിയുന്നത്.
ദേവികുളം താലൂക്കിലെ അടിമാലി പഞ്ചായത്തിൽ ആദ്യ കണക്ഷൻ കൊരങ്ങാട്ടി ആദിവാസി കോളനി ഊരുമൂപ്പൻ പി കെ ബിനുമോന് മോഡവും കണക്ഷനും നൽകി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി ഡി ഷാജി ഉദ്ഘാടനം ചെയ്‌തു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി എസ് സിബി, പഞ്ചായത്ത് അംഗങ്ങളായ സനിത സജി, മേരി തോമസ്, ആർ രഞ്ജിത, ഷേർലി മാത്യു, എ കെ എസ് സംസ്ഥാന കമ്മിറ്റി അംഗം എം ആർ ദീപു, സിപിഐ എം ഏരിയ കമ്മിറ്റിയംഗം മാത്യു ഫിലിപ്പ്, ലോക്കൽ സെക്രട്ടറി സിഡി അഗസ്റ്റിൻ, മീഡിയനെറ്റ് പിആർഒ എം എം സന്തോഷ്‌കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ് എന്നിവർ സംസാരിച്ചു. കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരപ്രദേശങ്ങളെപോലെ ആദിവാസി മേഖലകളും വിദൂര പ്രദേശങ്ങളും ഇനി ഫുൾറേഞ്ചിലാകും.

 

Share news