സ്ഥിരം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ വസ്‌തുവകകൾ കണ്ടുകെട്ടും

കോഴിക്കോട്: സ്ഥിരം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ വസ്‌തുവകകൾ കണ്ടുകെട്ടാനും ഇവരെ കരുതൽ തടങ്കലിൽവയ്ക്കാനും നടപടി ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ മണിക് മീണ പറഞ്ഞു. ജാമ്യത്തിലിറങ്ങുന്നവർ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി ജയിലിലടയ്‌ക്കും. പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാക്കിങ് എൻഡിപിഎസ് വകുപ്പ് പ്രകാരമാണ് നടപടി.

നഗരപരിധിയിൽ സ്ഥിരം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 17 പേർക്കെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ ഹാഷിം നാലുകുടിപറമ്പിനെതിരെ നടപടി സ്വീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് കാത്തിരിക്കുകയാണ്. പത്തുപേരുടെ വിവരങ്ങൾ ശേഖരിച്ചു. മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ ജാമ്യം റദ്ദാക്കി ജയിലിലടയ്ക്കും. വെള്ളയിൽ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ പ്രതി ഷൈജു പുളിക്കലിന്റെ ജാമ്യം ഇപ്രകാരം റദ്ദാക്കി ജയിലിലടച്ചു. മയക്കുമരുന്ന് കടത്തിയ കേസിൽ ഉൾപ്പെട്ട 27 വാഹനങ്ങൾ കണ്ടുകെട്ടി.
മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് ഈ വർഷം 1716 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ജൂലൈയിൽ മാത്രം 383 കേസ് എടുത്തു. ഈ വർഷം 52.5 കി ഗ്രാം കഞ്ചാവും 1757 ഗ്രാം എംഡിഎംഎയും പിടികൂടി. 120 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി. ഇവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാണ്. നഗരത്തിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും ശ്രദ്ധയിലുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നു.
സ്‌കൂളുകളിൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കമീഷണർ പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജു, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ എ ഉമേഷ്, നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
