KOYILANDY DIARY

The Perfect News Portal

അസ്മിയയുടെ ദുരൂഹ മരണം; നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ

അസ്മിയയുടെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ. ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയ എന്ന പതിനേഴുകാരിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പെയിൻ. #justice_for_asmiyamol എന്ന ഹാഷ്ടാഗിലാണ് സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടൻ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുളളിൽ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അധികൃതർ അനുവദിച്ചിരുന്നില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമിൽ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്.

Advertisements

എഴുത്തുകാരി എസ് ശാരദക്കുട്ടി, കെ.ടി ജലീൽ എംഎൽഎ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളയുടെ വൈസ് പ്രസിഡണ്ട്  ഷമീമ സക്കീർ തുടങ്ങി നിരവധി പേരാണ് അസ്മിയയ്ക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അസ്മിയയുടെ മരണത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് കെ.ടി ജലീൽ ആവശ്യപ്പെടുന്നു. കുറ്റക്കാർക്ക് നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പു വരുത്തണമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

അസ്‌നക്ക് (പേര് സാങ്കൽപികം) നീതി കിട്ടിയേ തീരൂ. മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണം. ബാലരാമപുരം ഇടമനക്കുഴിയിൽ പ്രവർത്തിക്കുന്ന അൽ അമാൻ എഡ്യുക്കേഷണിൽ പഠിച്ചിരുന്ന പതിനേഴുകാരിയുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണ്. ഇതേകുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. സ്ഥാപന നടത്തിപ്പുകാർക്കോ ഹോസ്റ്റൽ വാർഡൻമാർക്കോ ഏതെങ്കിലും അദ്ധ്യാപികാദ്ധ്യാപകർക്കോ വല്ല പങ്കും പെൺകുട്ടിയുടെ മരണത്തിൽ ഉണ്ടെങ്കിൽ നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷതന്നെ അവർക്ക് ഉറപ്പുവരുത്തണം. മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ. സ്ഥാപന നടത്തിപ്പുകാരും ഇക്കാര്യം ശ്രദ്ധിക്കണം. റസിഡൻഷ്യൽ സ്ഥാപനങ്ങളിൽ മൂന്നുമാസത്തിലൊരിക്കൽ കുട്ടികൾക്ക് കൗൺസിലിംഗിന് അധികൃതർ അവസരമൊരുക്കണം. അകാലത്തിൽ പൊലിഞ്ഞ മകളുടെ അസ്വാഭാവിക മരണത്തിൽ അതിയായ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നു. ആദരാജ്ഞലികൾ.

 

അസ്മിയയ്ക്ക് നീതി ആവശ്യപ്പെട്ട് ശാരദക്കുട്ടിയും രംഗത്ത് വന്നു.

‘മുതിർന്നവരുടെ സൈനിക സ്വഭാവമുള്ള റെജിമെന്റുകളിൽ ഇവർ ചാവേറുകളാകാൻ വിധിക്കപ്പെടുന്നു. കുട്ടികളുടെ അത്ഭുതലോകങ്ങൾ ഏതെല്ലാം വിധത്തിലാണ് ഇവിടെ ആക്രമിക്കപ്പെടുകയും അലങ്കോലപ്പെടുകയും ചെയ്യുന്നത്. ആലീസിന്റെ അത്ഭുതലോകങ്ങളിൽ ഇന്ന് നിറങ്ങളും ചിത്രശലഭങ്ങളും കൗതുകം നിറഞ്ഞ നുണകളും ഇല്ലാതായിരിക്കുന്നു. തന്റെ വഴികളുടെ അക്ഷാംശവും രേഖാംശവും അളന്നു കൊണ്ട് ഭൂമിയുടെ ആഴങ്ങളിലേക്ക് ഒഴുകി വീഴുവാനും ആ ഒഴുക്കിൽ ഭൂമിയുടെ ഒത്ത നടുവിലൂടെയാണോ തന്റെ വീഴ്ച എന്ന് അത്ഭുതപ്പെടാനും ആലീസിനെന്ന പോലെ ആസ്മിയക്കും ഇനി കഴിയില്ല. കാരണം, അവളുടെ അത്ഭുതലോകങ്ങളാണ് ഇന്ന് അധിനിവേശശക്തികളുടെ പ്രവേശന കവാടം. അവയ്ക്കു മേലാണ് മത പാഠശാലകൾ ആധിപത്യമുറപ്പിക്കുന്നത്. കുട്ടികളെ തങ്ങൾക്കധീനമാക്കിക്കൊണ്ടാണ് ഏകാധിപത്യ പ്രത്യയ ശാസ്ത്രങ്ങൾ ശക്തിപ്രാപിക്കുന്നത്. റഷ്യൻ കവി യെവ് തുഷങ്കോ പറഞ്ഞിട്ടുണ്ട്. ദൈവം സ്വർഗ്ഗത്തിലാണെന്നും ഭൂമിയിൽ എല്ലാം മംഗളമാണെന്നും കുട്ടികളോട് നുണ പറയരുത്. ദുഃഖങ്ങളും ദുർഘടങ്ങളും ഉണ്ടെന്ന് അവരറിയണം. കുട്ടികളേ, ഒരു തെറ്റിനും നിങ്ങൾ മാപ്പു കൊടുക്കരുത്’ ശാരദക്കുട്ടി കുറിച്ചതിങ്ങനെ.

അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിട്ടുണ്ട്. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.