KOYILANDY DIARY

The Perfect News Portal

2000 രൂപ നോട്ടിന് ചില്ലറ ചോദിച്ചു. മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി

2000 രൂപ നോട്ടിന് ചില്ലറ ചോദിച്ചു. മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാവേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്. രാധാകൃഷ്ണന്‍ നായരുടെ പരാതിയില്‍ മാവേലിക്കര പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു.

മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി  മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെത്തിയതായിരുന്നു രാധാകൃഷ്ണൻ. അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാർജ്ജ്. ബസ്സിൽ കയറിയാൽ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെടുകയായിരുന്നു.

2000 രൂപയ്ക്ക് ചില്ലറ തരാൻ പറ്റില്ലെന്നും ഈ നോട്ട് ഇപ്പോള്‍ എടുക്കില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപികതരായി രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിന് പുറമെ രാധാകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികള്‍ വലിച്ച് കീറുകയും ചെയ്തു.

Advertisements

അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈക്ക് പൊട്ടലുണ്ട്. സ്റ്റേഷൻമാസ്റ്റർ കാര്യം പറയുക മാത്രമാണ് ചെയ്തത്, എന്നാൽ അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ ഗതാഗത മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.