KOYILANDY DIARY

The Perfect News Portal

മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകളടക്കം സർവസന്നാഹങ്ങളുമായി തമിഴ്നാട് വനംവകുപ്പ്

മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകളടക്കം സർവസന്നാഹങ്ങളുമായി തമിഴ്നാട് വനംവകുപ്പ്. നാട്ടിൽ ശല്യമുണ്ടാക്കി കാടു കയറിയ അരിക്കൊമ്പനെ പിടികൂടാൻ സർവ സന്നാഹങ്ങളുമൊരുക്കി തമിഴ്നാട് വനംവകുപ്പ്. ഉൾക്കാട്ടിലേക്ക് കയറിയ അരിക്കൊമ്പൻ കാടിറങ്ങിയാൽ ഉടൻ മയക്കുവെടി വെക്കാനാണ് തീരുമാനം. അതിനായി സർവ സന്നാഹങ്ങളും സജ്ജമാണ്. അരിക്കൊമ്പനെ നിയന്ത്രിക്കാൻ 3 കുങ്കിയാനകളും എത്തിയിട്ടുണ്ട്.

കമ്പം സുരുളി വെള്ളച്ചാട്ടത്തിനു സമീപമാണു ഞായറാഴ്ച പുലർച്ചെ മൂന്നോടെ അരിക്കൊമ്പനെ കണ്ടത്. കമ്പം – സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന കൊമ്പൻ പിന്നീട് വനമേഖലയിലേക്കു നീങ്ങി. തമിഴ്നാട് വനം മന്ത്രി ഡോ.എം.മതിവേന്തൻ കമ്പത്ത് എത്തി വനം വകുപ്പിൻ്റെ സജ്ജീകരണങ്ങൾ വിലയിരുത്തി. ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങിയതായി മന്ത്രി പറഞ്ഞു.

കമ്പം ടൗണിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പൊലീസ് മൈക്കിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആന ജനവാസ മേഖലയിൽ തിരികെ എത്തിയാൽ മാത്രമേ മയക്കുവെടി വെക്കൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Advertisements