നവകേരള സദസിൽ മന്തിമാരെ കാണാനുള്ള ആഗ്രഹവുമായി അഷ്നയെത്തി
കൊണ്ടോട്ടി: നവകേരള സദസിൽ മന്തിമാരെ കാണാനുള്ള ആഗ്രഹവുമായി അഷ്നയെത്തി. രക്ഷിതാക്കളോട് ‘‘ഞാനിന്ന് സ്കൂളിൽ പോകുന്നില്ല. എനിക്ക് മന്ത്രിമാരെ കാണാൻ പോണം’’ എന്ന അഷ്നയുടെ ആഗ്രഹത്തെ എതിർക്കാൻ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല. വാഴയൂർ കക്കോവ് ആശാരിക്കൽ ശ്രീജിത്തും ഭാര്യ ഷൈബയും പിന്നെ മകളെയും കൂട്ടി കൊണ്ടോട്ടിയിലെ നവകേരള സദസ്സിലേക്ക്. ഹോർമോൺ കുറവ് രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അഷ്നയ്‌ക്ക് കൂട്ടായത് എൽഡിഎഫ് സർക്കാരാണ്. അതിന് നന്ദി പറയാനാണ് സ്കൂൾ ഒഴിവാക്കിയെത്തിയത്.

മൂന്ന് വർഷംമുമ്പാണ് അഷ്‌നയുടെ ഉയരക്കുറവ് ശ്രദ്ധയിൽപ്പെടുന്നത്. പരിശോധനയിൽ ഹോർമോണിന്റെ കുറവാണെന്ന് കണ്ടെത്തി. ചികിത്സയ്‌ക്ക് ദിവസം 7500 രൂപയോളം വേണം. ആശാരിപ്പണിക്കാരനായ ശ്രീജിത്ത് കുഴങ്ങി. പഞ്ചായത്തംഗമായിരുന്ന പി കെ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സഹായത്തിനെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെയും കണ്ടു.


ഡെന്മാർക്കിൽനിന്നുള്ള മരുന്നിനും ചികിത്സക്കുമായി സർക്കാർ ആദ്യം രണ്ട് ലക്ഷം രൂപയും രണ്ട് തവണയായി 55,000 രൂപയും നൽകി. രണ്ടാം പിണറായി സർക്കാർ വന്നതോടെ ഹോർമോൺ ചികിത്സക്കുള്ള മരുന്നുകൾ സൗജന്യമാക്കി. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് എല്ലാമാസവും സൗജന്യമായി മരുന്ന് ലഭിക്കും. വീട്ടിൽവച്ച് ദിവസവും അമ്മ ഷൈബയാണ് കുത്തിവയ്‌പ് നൽകുന്നത്. ചികിത്സയുടെ ഫലമായി അഷ്‌നയുടെ ഉയരം 98 സെന്റിമീറ്ററിൽനിന്ന് 131 ആയി.

നിലവിൽ കക്കോവ് പിഎംഎസ്എ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ്. സഹോദരൻ അനുഗ്രഹും ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി. മന്ത്രിമാരായ വീണാ ജോർജിനെയും എം ബി രാജേഷിനെയും കണ്ട് അഷ്ന നന്ദി അറിയിച്ചു. ഹൃദ്യമായ കൂടിക്കാഴ്‌ചയുടെ അനുഭവം മന്ത്രി വീണാ ജോർജ് ഫെയ്‌സ് ബുക്കിൽ പങ്കിട്ടു.

