KOYILANDY DIARY.COM

The Perfect News Portal

പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെയാണ് റാന്നി മാമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കീക്കൊഴൂർ, വെട്ടിക്കൽ, കാഞ്ഞിരംകണ്ടത്തിൽ അമ്പാടി സുരേഷിനെ കാറിടിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നി​ഗമനം. എന്നാൽ പിന്നീടാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും സംശയമുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായി റാന്നി പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ റാന്നി മന്ദമരുതിൽ വെച്ചാണ് അമ്പാടിയെ കാറിടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അമ്പാടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടമരണം എന്ന രീതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അപകടം കൊലപാതകമാണ് എന്ന് വ്യക്തമായത്.

 

ഞായറാഴ്ച പകൽ 3 ന് അമ്പാടിയുടെ സഹോദരനും സുഹൃത്തുക്കളും റാന്നി ബീവറേജസിന് സമീപത്ത് വെച്ച് മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. സംഘം മദ്യപിച്ച ശേഷം ഇവരെ വീണ്ടും ഫോണിലൂടെ വെല്ലുവിളിച്ചു. ഇതോടെ എതിരാളികളെ കാണുവാനായി ഇവർ വാഹനത്തിൽ മന്ദമരുതിയിലേക്ക് പോയി. വഴിക്ക് വെച്ച് കണ്ട അമ്പാടിയും ഇവരോടൊപ്പം കൂടി. മന്ദമരുതിയിൽവച്ച് അടിപിടി ഉണ്ടായി. പിന്തിരിഞ്ഞുപോയ സംഘത്തെ പിന്തുടർന്ന് ആശുപത്രി പടിയിൽ ഇവർ എത്തി. ഇവിടെ വെച്ച് കാർ നിർത്തി ഇറങ്ങുമ്പോഴാണ് പാഞ്ഞുവന്ന കാർ അമ്പാടിയെ ഇടിച്ച് താഴെയിട്ട ശേഷം നിർത്താതെ പോയത്.   

Advertisements

 

സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് അമ്പാടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അപ്പോഴേക്കും അമ്പാടി മരിച്ചു. റാന്നി സ്വദേശികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

 

Share news