സിയാല്‍ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവര്‍ത്തന അഗ്‌നി ശമന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സിയാല്‍ അക്കാദമിയില്‍ പഠിക്കാൻ താത്പര്യമുള്ളവർക്ക് വ്യോമയാന രക്ഷാ പ്രവര്‍ത്തന അഗ്‌നി ശമന കോഴ്‌സിന് അപേക്ഷിക്കാം. കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ കമ്പനിയായ സിയാല്‍ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

വ്യോമയാന രംഗത്തെ പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയുള്ള പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബിപിസിഎല്ലില്‍ പ്രഷര്‍ ഫെഡ് ഫയര്‍ഫൈറ്റിങ് പരിശീലനം, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു അക്കാദമിയില്‍ ടണല്‍ ആന്‍ഡ് സ്‌മോക്ക് ചേമ്പര്‍ പരിശീലനം, തൃശൂര്‍ വൈല്‍ഡ് വിന്‍ഡ് അഡ്വെഞ്ച്വര്‍ ബില്‍ഡിങ് റെസ്‌ക്യു ഓപ്പറേഷന്‍സ്, സെന്റ്.ജോണ്‍സില്‍ ആംബുലന്‍സ് സര്‍ട്ടിഫിക്കറ്റ് ട്രെനിയിങ് പ്രോഗ്രാം എന്നിവയും നല്‍കും. കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും.

കേരളത്തിലെ സര്‍വകലാശാല അംഗീകൃത ഏവിയേഷന്‍ കോഴ്സുകള്‍ നല്‍കുന്ന ഏക സ്ഥാപനവും കാനഡയിലെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ ) അംഗീകാരവുമുള്ള സിയാല്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ നേരിട്ട് കണ്ട് പഠിക്കാനുള്ള അവസരമാണ് സജ്ജമാക്കിയിരിക്കുന്നത്. ഏപ്രില്‍ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫിസിക്കല്‍ ടെസ്റ്റും വിദ്യാര്‍ത്ഥികള്‍ പാസാകേണ്ടതുണ്ട്. സയന്‍സ് ഐച്ഛിക വിഷയമായി പ്ലസ്ടു പാസായവര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 10 ന് മുമ്പ് www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-8848000901.

