KOYILANDY DIARY

The Perfect News Portal

വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു; ആദ്യ ദിനം ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് ആന്‍ജിയോഗ്രാം നടത്തി

ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്ത ധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും രോഗികള്‍ക്ക് ഒ.പി.യില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭിക്കും.

 

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കാത്ത് ലാബ് സി.സി.യു.വില്‍ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയില്‍ ആദ്യമായി സിക്കിള്‍ സെല്‍ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു. ഹൃദ്രോഗ വിദഗ്ധരായ ഡോ. പ്രജീഷ് ജോണ്‍, ഡോ. പി. ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ആന്‍ജിയോഗ്രാം നടത്തിയത്. കാത്ത് ലാബ് ടെക്നീഷ്യന്‍, നഴ്സ്, എക്കോ ടെക്നീഷ്യന്‍ എന്നിവരുള്‍പ്പെടുന്ന സംഘവും ആദ്യ ആന്‍ജിയോഗ്രാമില്‍ പങ്കാളികളായി.

Advertisements