ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം
ചേമഞ്ചേരി: ട്രാൻസ്ഫോർമറിലെ എ ബി സ്വിച്ച് അർദ്ധരാത്രി ഓഫ് ചെയ്തിട്ടു. ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം. കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) വള്ളിൽക്കടവ് ഭാഗത്താണ് സംഭവം. ട്രാൻസ്ഫോർമറിലെ എ ബി സ്വിച്ച് ഓഫ് ചെയ്തിട്ടാണ് സാമൂഹ്യ ദ്രോഹികൾ ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കിയത്. 23ന് വ്യാഴാഴ്ച രാത്രി ഏതാണ്ട് 11:20 ഓടുകൂടി സെക്ഷൻ ഓഫീസിൽ വള്ളിൽകടവ് ഭാഗത്ത് കരണ്ടില്ലെന്ന ഒരു പരാതി വരുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഓവർസിയറും ലൈൻമാനും സംഭവസ്ഥലത്ത് എത്തി ട്രാൻസ്ഫോർമർ പരിശോധിക്കുകയും ചെയ്തിരുന്നു. സെക്ഷൻ ഓഫ് ഫ്യൂസുകൾ ഒന്നും പോയതായി കണ്ടെത്താനും സാധിച്ചില്ല.

എന്നാൽ ട്രാൻസ്ഫോർമർ എബി സ്വിച്ച് താഴ്ത്തിയിട്ടതായി പിന്നീട് ശ്രദ്ധയിൽപ്പെട്ടു. ട്രാൻസ്ഫോർമറിൽ പൂർണ്ണമായും സപ്ലൈ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഉണ്ടായത്. അന്വേഷിച്ചപ്പോൾ രണ്ടുപേർ ട്രാൻസ്ഫോർമറിന് അടുത്ത് വരികയും തുടർന്ന് എന്തോ ഒരു ശബ്ദം കേട്ടതായും നാട്ടുകാരിൽ നിന്ന് അറിയാൻ കഴിഞ്ഞു. ശേഷം ഈ ട്രാൻസ്ഫോർമറിൽ നിന്ന് പോകുന്ന മുഴുവൻ ലൈനുകളും പരിശോധിക്കുകയും യാതൊരുവിധ അപകടവും നടന്നിട്ടില്ല എന്ന് മനസ്സിലാക്കി ട്രാൻസ്ഫോർമർ 12:30 മണിയോടുകൂടി ചാർജ് ചെയ്യുകയും ചെയ്തു.
വള്ളിൽക്കടവ് ഭാഗത്ത് നിന്നും ബൈപ്പാസ് അണ്ടർപാസ് പോകുന്ന ഭാഗത്ത് പോസ്റ്റിനു മുകളിൽ സ്ഥാപിച്ച ഒരു 100 A ഫ്യൂസ് നശിപ്പിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഒരു ഓപ്പൺ ഫ്യൂസ് കൊടുത്ത് ലൈൻ ചാർജ് ചെയ്തു. ട്രാൻസ്ഫോർമർ പരിധിയിലെ മുഴുവൻ ഉപഭോക്താക്കൾക്കും സപ്ലൈ എത്തിക്കുകയും ചെയ്തു. സംഭവം കെഎസ്ഇബിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും മണിക്കൂറുകളോളം ഇരുട്ടിലാക്കുകയും ചെയ്തവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും മറ്റു കുറ്റകൃത്യങ്ങൾക്കും എതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
