പേരാമ്പ്രയിൽ ഓട്ടോറിക്ഷയും ബൈക്കും തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: പേരാമ്പ്ര എടവരാട് ഓട്ടോറിക്ഷയും ബൈക്കും തീവെച്ച് നശിപ്പിച്ചു. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായി കത്തി. വാഹന ഉടമകളായ മോഹനനും ഷിബിനും ഓട്ടോ തൊഴിലാളികളാണ്.

സംഭവത്തിന് പിന്നില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുളള പ്രശ്‌നമാണെന്നാണ് സൂചന. ഏതാനും ദിവസും മുമ്പും പ്രദേശത്ത് ഒരു ഓട്ടോറിക്ഷ സമാനമായി കത്തി നശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ള പ്രശ്‌നമാണ് ഇതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ 22-ന് മഞ്ചേരികുന്നിലെ മുക്കള്ളില്‍ സക്കീര്‍, കളരിപ്പറമ്പിൽ അതുല്‍രാജ് എന്നിവരുടെ വാഹനങ്ങളാണ് സമാനമായ രീതിയില്‍ കത്തി നശിച്ചത്.

സക്കീറിന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിന്ന് തള്ളി റോഡില്‍ എത്തിച്ച ശേഷം തീയിടുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി കത്തി നശിച്ചിരുന്നു. അതുലിന്റെ ഓട്ടോറിക്ഷ വീടിന് സമീപത്തുള്ള റോഡില്‍ എത്തിച്ച ശേഷം മറിച്ചിടുകയാണ് ചെയ്തത്. സംഭവത്തിൽ രണ്ടു പേരും പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥലത്ത് പട്രോളിങ്ങ് ശക്തമാക്കിയതായി പേരാമ്പ്ര പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

